നീറ്റ് മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞു; 17കാരിയെ പിതാവ് അടിച്ചുകൊന്നു

Tuesday 24 June 2025 10:43 AM IST

മുംബയ്: നീറ്റ് മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന് 17കാരിയെ പിതാവ് അടിച്ചുകൊന്നു. മഹാരാഷ്ട്രയിലെ സാംഗ്ലയിലാണ് സംഭവം. പ്ലസ് ടു വിദ്യാർത്ഥിയായ സാധന ഭോൺസ്‌ലെയാണ് മരിച്ചത്. സംഭവത്തിൽ പിതാവും സ്കൂൾ അദ്ധ്യാപകനുമായ ധോണ്ടിറാം ഭോൺസ്‌ലെയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്താം ക്ലാസിലെ പരീക്ഷയിൽ 92.60 ശതമാനം മാർക്ക് സാധന ഭോസ്‌ലെ നേടിയിരുന്നു.

എന്നാൽ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സാധനയ്ക്ക് അടുത്തിടെ നടത്തിയ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞു. ഇതോടെ പിതാവ് മകളെ ശകാരിക്കുകയും മർദിക്കുകയും ചെയ്തു. മകളെ വടികൊണ്ട് പലതവണ അടിച്ചതായും റിപ്പോർട്ടുണ്ട്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ സാധനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. സാധനയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മകളെ മർദിച്ചതായി ധോണ്ടിറാം സമ്മതിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.