നടുറോഡിൽ ഐസ്‌ക്രീം വിൽപ്പനക്കാരനെ കഴുത്തറുത്ത് കൊന്നു; തല കത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ അറസ്റ്റ്
ലക്‌നൗ: പട്ടാപ്പകൽ നടുറോഡിൽ ഐസ്‌ക്രീം വിൽപ്പനക്കാരനെ കഴുത്തറുത്ത് കൊന്നു. ഉത്തർപ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം. പാരാബെഹത സ്വദേശിയായ ബബ്‌ലു(25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പർസാവാൽ സ്വദേശിയായ ശങ്കർ യാദവിനെ (50) പൊലീസ് അറസ്റ്റ് ചെയ്‌തു.
പതിവുപോലെ ഐസ്‌ക്രീം വിൽപനയ്‌ക്കായി പർസാവാൽ ഗ്രാമത്തിലെത്തിയതായിരുന്നു ബബ്‌ലു. അവിടെ വച്ച് ശങ്കർ യാദവുമായി വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ സമീപത്തുതന്നെയുള്ള വീട്ടിൽ നിന്നും അരിവാൾ എടുത്തുകൊണ്ട് വന്ന പ്രതി ബബ്‌ലുവിനെ ആക്രമിക്കുകയായിരുന്നു. നാട്ടുകാർ നോക്കിനിൽക്കെ യുവാവിന്റെ തലയറുത്തെടുത്ത ശേഷം ഇയാൾ വീട്ടിനകത്തേക്ക് പോയി.
സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും വീടിനുള്ളിൽ തീകൂട്ടാനുള്ള ശ്രമത്തിലായിരുന്നു പ്രതി. യുവാവിന്റെ തല കത്തിച്ചുകളയാനുള്ള ശ്രമത്തിനിടയിലാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം വീട്ടിനുള്ളിൽ നിന്നും കണ്ടെത്തി. യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.