ടെക്കികളെ ലൈംഗിക പീഡനത്തിനിരയാക്കി; ടീം ലീഡർ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

Thursday 09 April 2026 4:13 PM IST

മുംബയ്: നാല് വർഷമായി ലൈംഗികാതിക്രമം നേരിടുകയാണെന്ന വനിതാ ടെക്കികളുടെ പരാതിയിൽ ടീം ലീഡർ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ. മഹാരാഷ്ട്ര നാസിക്കിലെ മൾട്ടി നാഷണൽ കമ്പനിയിലാണ് സംഭവം. പ്രതികൾക്കതിരെ ഒൻപത് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പ്രതികളിലൊരാൾ വിവാഹ വാഗ്ദാനം നൽകി പരാതിക്കാരികളിലൊരാളെ നിരന്തരമായി ലൈംഗിക പീ‌ഡനത്തിനിരയാക്കിയെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു പ്രതി വേറൊരു പരാതിക്കാരിയെ മോശമായി സ്‌പർശിക്കുകയും അവരുടെ സ്വകാര്യ ജീവിതത്തെയും വിവാഹജീവിതത്തെയും സംബന്ധിച്ച് അധിക്ഷേപകരമായി സംസാരിക്കുകയും ചെയ്തതായും പൊലീസ് വ്യക്തമാക്കി. കമ്പനി ഹെഡ് ഓഫീസറോട് നിരന്തരം പരാതിപ്പെട്ടെങ്കിലും പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി. പ്രതികൾ പുരുഷ ജീവനക്കാരനെ മതപരമായി അധിക്ഷേപിച്ചതായും പരാതിയുണ്ട്.

അറസ്റ്റ് ചെയ്ത് പ്രതികളെ കോടതിയിലെത്തിച്ച് റിമാൻഡ് ചെയ്തു. ഏപ്രിൽ പത്തുവരെ ഇവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ പരാതിക്കാരുണ്ടെങ്കിൽ മുന്നോട്ട് വരണമെന്നും പൊലീസ് പറഞ്ഞു.