ചെന്നൈ: പിതാവിനെ കൊലപ്പെടുത്തിയ ഗുണ്ടയെ 17 വർഷം കാത്തിരുന്ന് കൊലപ്പെടുത്തി മകൻ. ചെന്നൈയ്ക്ക് സമീപം ടി പി ഛത്രത്തിലാണ് സംഭവം. യുവനേഷ് (19) ഉൾപ്പെടെ മൂന്ന് പേരാണ് രാജ് കുമാർ എന്നയാളെ കുത്തിക്കൊന്നത്. ഇവർക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. യുവനേഷിന് രണ്ട് വയസുള്ളപ്പോഴാണ് അച്ഛന്‍ സെന്തില്‍ കുമാറിനെ രാജ് കുമാര്‍ കൊലപ്പെടുത്തിയത്. 2008ൽ അമിഞ്ചിക്കരൈയിലായിരുന്നു സംഭവം.
സംഭവം നടന്ന് 17 വർഷം കഴിഞ്ഞിട്ടും യുവനേഷ്, രാജ് കുമാറിനോടുളള പക കാത്തുസൂക്ഷിച്ചിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുന്‍പ് യുവനേഷ് വീടിനുസമീപം കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുമ്പോൾ അവിടേക്ക് രാജ് കുമാര്‍ എത്തുകയായിരുന്നു. അച്ഛനെ കൊലപ്പെടുത്തിയ കാര്യം രാജ് കുമാർ, യുവനേഷിനോട് വീണ്ടും പറയുകയായിരുന്നു. ഇതോടെയാണ് രാജ് കുമാറിനെ കൊല്ലാൻ യുവനേഷ് പദ്ധതിയൊരുക്കിയത്.കഴിഞ്ഞ ബുധനാഴ്ച യുവനേഷും കൂട്ടുകാരും രാജ് കുമാറിന്റെ വീട്ടിലെത്തിയിരുന്നു. ബൈക്ക് ശരിയാക്കിക്കൊണ്ടിരുന്ന രാജ് കുമാറിനെ സംഘം ആക്രമിക്കുകയായിരുന്നു.
ഇതോടെ രാജ് കുമാർ പേടിച്ച് തൊട്ടടുത്തുളള വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഇയാൾക്ക് പിന്നാലെയെത്തിയ യുവനേഷും സംഘവും അയൽവാസികളുടെ മുന്നിൽ വച്ച് രാജ് കുമാറിനെ കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയതോടെ മൂന്നുപേരും വീട്ടിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് അയൽവാസികൾ വിവരമറിയിച്ചതോടെയാണ് ടി പി ഛത്രം പൊലീസ് സംഭവസ്ഥലത്തെത്തിയത്. അധികം വൈകാതെ തന്നെ പ്രതികളെയും പിടികൂടി.
ഒന്നാം വര്‍ഷ ബിബിഎ വിദ്യാർത്ഥിയാണ് യുവനേഷ്. സായ് കുമാര്‍ എന്ന ഇരുപതുകാരനും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു ആണ്‍കുട്ടിയുമാണ് മൂവർ സംഘത്തിലുളളത്. രാജ് കുമാര്‍ അനാവശ്യമായി പ്രകോപിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് യുവനേഷ് പൊലീസിന് മൊഴി നൽകി. പ്രായപൂര്‍ത്തിയാകാത്തയാളെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതികൾക്ക് സഹായം നൽകിയെന്ന് സംശയിക്കുന് ആറ് പേർക്കായും പൊലീസ് അന്വേഷണം നടത്തിവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |