കൊച്ചി: വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മുൻകൂർ ജാമ്യഹർജിയിൽ നാളെയും വാദം തുടരും. വാദം കേൾക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്.
ഹൈക്കോടതി ഇന്നലെ അതിജീവിതയെ കക്ഷിചേർത്തിരുന്നു. വേടൻ സ്ഥിരം ലൈംഗിക കുറ്റവാളിയാണെന്നും കൂടുതൽ സ്ത്രീകൾ പരാതിയുമായി രംഗത്തുവന്നിട്ടുണ്ടെന്നും പരാതിക്കാരിയുടെ അഭിഭാഷക കഴിഞ്ഞ ദിവസം വാദിച്ചിരുന്നു. ഉഭയ സമ്മതത്തോടെയുള്ള ബന്ധമാണുണ്ടായിരുന്നതെന്ന് പരാതിയിൽ നിന്നു തന്നെ വ്യക്തമാണെന്നാണ് വേടന്റെ അഭിഭാഷകന്റെ വാദം.
ഹിരൺദാസ് മുരളി വിവാഹ വാഗ്ദാനം നൽകി രണ്ടു വർഷത്തോളം ലൈംഗിക ചൂഷണം നടത്തിയെന്നാണ് ഡോക്‌ടറുടെ പരാതി. കോട്ടയം സ്വദേശിയായ പരാതിക്കാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ 2019ൽ പി ജിക്ക് പഠിക്കുമ്പോഴാണ് സമൂഹ മാദ്ധ്യമത്തിലൂടെ വേടനെ പരിചയപ്പെട്ടത്. ഫോൺ വഴി സൗഹൃദത്തിലായതോടെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് വേടൻ അറിയിച്ചു.
2021 ആഗസ്‌റ്റിൽ യുവതി താമസിച്ചിരുന്ന ഫ്ളാറ്റിലെത്തിയ വേടൻ സംസാരിക്കുന്നതിനിടെ ചുംബിച്ചു. തുടർന്ന് മാനഭംഗപ്പെടുത്തി. വിവാഹം കഴിക്കാമെന്ന വാഗ്ദാനം ആവർത്തിച്ച വേടൻ മൂന്നു ദിവസം താമസിച്ച ശേഷമാണ് മടങ്ങിയത്. പിന്നീടും ഫ്ളാറ്റിലെത്തി താമസിക്കുകയും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്‌തു. വിവിധ ആവശ്യങ്ങൾക്ക് 31,000 രൂപ അക്കൗണ്ട് വഴി വാങ്ങി. പല വട്ടം ട്രെയിൻ ടിക്കറ്റ് എടുത്തു നൽകാൻ 8,356 രൂപയും ചെലവഴിച്ചു.
2021ൽ പഠനം പൂർത്തിയാക്കി. 2022ൽ സർക്കാർ ജോലി ലഭിച്ച് തൃക്കാക്കരയിലെ ഫ്ളാറ്റിൽ താമസിക്കുമ്പോൾ വേടനും സുഹൃത്തുക്കളും എത്തി. രാത്രി വേടൻ ശാരീരിക ബന്ധം പുലർത്തി. 2023 മാർച്ചിൽ സുഹൃത്തിന്റെ ഏലൂരിലെ വീട്ടിൽ വച്ചും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. പിന്നീട് അകലം പാലിച്ചു. 2023 ജൂലായ് 15ന് കൊച്ചിയിലെത്തിയപ്പോൾ നേരിൽക്കണ്ടു. താൻ പ്രശ്നക്കാരിയും മറ്റുള്ളവരുമായുള്ള ബന്ധം തടയുന്നവളുമാണെന്നും പിരിയാമെന്നും പറഞ്ഞു. തന്റെ മറ്റു ബന്ധങ്ങൾക്ക് തടസമാണെന്നും പറഞ്ഞു.
വിവാഹം കഴിക്കില്ലെന്നറിഞ്ഞതോടെ താൻ വിഷാദരോഗിയായി ചികിത്സ തേടേണ്ടി വന്നു. മറ്റൊരു സ്ത്രീയെയും ദുരുപയോഗിച്ചെന്ന റിപ്പോർട്ട് കാണുകയും, വേടൻ തന്റെ ആദ്യ പ്രണയത്തെപ്പറ്റി പറയുകയും ചെയ്‌തതോടെയാണ് പരാതിപ്പെടാൻ തീരുമാനിച്ചതെന്നും യുവതി ആരോപിച്ചിരുന്നു. പണമിടപാടുകളുടെ രേഖകളും പൊലീസിന് കൈമാറിയിട്ടുണ്ട്. 10 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെ തടവും പിഴയും ലഭിക്കാവുന്നതുമായ മാനഭംഗ കുറ്റമാണ് പൊലീസ് ചുമത്തിയത്.
അതേസമയം, വേടനെതിരെ രണ്ട് പേർ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. 2020ലാണ് സംഭവമെന്നാണ് ഒരു യുവതിയുടെ പരാതി. 2021 ലെ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയാണ് രണ്ടാമത്തെ പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |