മുംബയ്: പാമ്പുകളെ പേടിക്കുന്നവരാണ് ഭൂരിഭാഗം പേരും, പ്രത്യേകിച്ച് മൂർഖനെ. പത്തിവിടർത്തിയിരിക്കുന്ന മൂർഖനെ കണ്ടാൽ തന്നെ ബോധം പോകുന്നവരുമുണ്ട്. എന്നാൽ പാമ്പിന്റെ ജന്മദിനം ആഘോഷിച്ച ഒരു യുവാവിനെ വനംവകുപ്പ് അറസ്റ്റ് ചെയ്ത സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.
മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലെ ഷിർപൂർ താലൂക്കിലെ ബോറെഡി ഗ്രാമത്തിലാണ് സംഭവം. രാജ് സഹെബ്രാവു വാഗ് എന്ന യുവാവിനെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. ജൂലായ് ഇരുപത്തിയൊമ്പതിന് നാഗപഞ്ചമി ദിനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
യുവാവ് എവിടെ നിന്നോ ഒരു മൂർഖനെ പിടികൂടി വീട്ടിലേക്ക് കൊണ്ടുവന്നു. ശേഷം കേക്ക് മുറിച്ച് പാമ്പിന്റെ ജന്മദിനം ആഘോഷിക്കുകയായിരുന്നു. പാമ്പ് കേക്കിന് മുന്നിൽ നിൽക്കുന്ന ചിത്രങ്ങളും വീഡിയോയും വളരെപ്പെട്ടെന്നുതന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. വീഡിയോ വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് യുവാവിന് പിടിവീണത്.
ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ യുവാവിന്റെ വീട്ടിലെത്തി പരിശോധന നടത്തി. പാമ്പിനെ സൂക്ഷിക്കാനുപയോഗിക്കുന്ന രണ്ട് പ്ലാസ്റ്റിക് ബോക്സുകളും, വീഡിയോ ഷൂട്ട് ചെയ്യാൻ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളും അധികൃതർ കസ്റ്റഡിയിലെടുത്തു. 1972ലെ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.
വീഡിയോ എടുത്തതിന് ശേഷം പാമ്പിനെ കാട്ടിൽ തുറന്നുവിട്ടിട്ടുണ്ടെന്നാണ് യുവാവിന്റെ മൊഴി. അറസ്റ്റിലായ യുവാവിനെ രണ്ട് ദിവസത്തെ ഫോറസ്റ്റ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ടെന്നും ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |