കോയിപ്രം : വിദേശ മലയാളിയുടെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ പാർട്ടി നടപടിയെടുത്തതിൽ കോപാകുലനായ സെക്രട്ടറി പരാതിക്കാരന്റെ വീട് അടിച്ചുതകർത്തു. സംഭവത്തെ തുടർന്ന് കോയിപ്രം പൊലീസ് കേസെടുത്തു.
വെണ്ണിക്കുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി സുനിൽ വർഗീസിനെതിരെയാണ് കേസെടുത്തത്. വെണ്ണിക്കുളം സ്വദേശിയായ വിദേശ മലയാളിയുടെ ഭാര്യയോട് മോശമായി പെരുമാറിയതിനെതിരെ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, അന്നത്തെ ജില്ലാ സെക്രട്ടറി ഉദയഭാനു എന്നിവർക്ക് പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ല. ഇതേതുടർന്ന് കഴിഞ്ഞദിവസം പരാതിക്കാരൻ ഉദയഭാനുവിനെ വിളിച്ച് പരസ്യമായി പ്രതികരിക്കുകയും നിയമപരമായ നടപടിയിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പും നൽകി. തുടർന്ന് സി.പി.എം ജില്ലാ നേതൃത്വം നടപടി സ്വീകരിക്കുകയായിരുന്നു. ഇരവിപേരൂർ ഏരിയ സെക്രട്ടറിയുടെ ചുമതലയുള്ള അനിൽകുമാർ കഴിഞ്ഞദിവസം ഇത് ലോക്കൽ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യുകയും പകരം ചുമതല ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യുവിന് നൽകിയതായും അറിയിച്ചു. എന്നാൽ സുനിൽ അനുകൂലികൾ യോഗത്തിൽ ബഹളം വച്ചു. തുടർന്ന് യോഗം അവസാനിച്ച ശേഷം രാത്രിയോടെയാണ് പരാതിക്കാരന്റെ വീട്ടിൽ കയറി അതിക്രമം കാട്ടിയത്. പരാതിക്കാരന്റെ എഴുപത്തിയഞ്ചു വയസ്സുള്ള അമ്മ മാത്രമാണ് ആ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. ഇവരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |