കൊച്ചി: എറണാകുളം സൗത്ത് റെയിൽവേസ്റ്റേഷനും വളഞ്ഞമ്പലം ദേവീക്ഷേത്രത്തിനും ഇടയിലുള്ള മൊബൈൽഷോപ്പിൽ മോഷണം. ഷോപ്പിന്റെ ഇരുമ്പുഷട്ടറും കണ്ണാടിവാതിലും തകർത്ത് ഒന്നരലക്ഷം രൂപയുടെ മൊബൈലുകളും അനുബന്ധ ഉപകരണങ്ങളും കവർന്നു. പുലർച്ചെ നിരവധി കാൽനടയാത്രക്കാരും ഓട്ടോകളും കടന്നുപോകുന്നതിനിടെ ആരുടെയും ശ്രദ്ധയിൽപ്പെടാതെ വിദഗ്ധമായിട്ടാണ് കവർച്ച നടത്തിയത്.
വളഞ്ഞമ്പലം ദേവീക്ഷേത്രത്തിന് സമീപം ആറുമാസം മുമ്പ് തുറന്ന ‘ഹോപ്പ്ടെക്ക് മൊബൈൽ വേൾഡി’ൽ ഇന്നലെ വെളുപ്പിന് 5.45നായിരുന്നു മോഷണം. ഇടക്കൊച്ചി സ്വദേശി അഭിലാഷാണ് ഉടമ. മൂന്നു യുവാക്കളടങ്ങിയ സംഘം ഷട്ടറിന്റെ പൂട്ടുകൾ പൊളിച്ച ശേഷം ഗ്ലാസ് വാതിലിന്റെ താഴത്തെ പാനലിലെ പാളി തകർത്താണ് അകത്ത് കടന്നത്. മൊബൈൽഫോണുകളും പവർബാങ്കുകളും ഇയർപാഡുകളും ആക്സസറീസും ഉൾപ്പടെ കവർന്നു. സർവീസിനായി ആൾക്കാർ ഏൽപ്പിച്ച സ്മാർട്ട് ഫോണുകൾ ഉൾപ്പെടെയാണ് കൊണ്ടുപോയത്.
കടയ്ക്ക് എതിർവശത്തുള്ള വീട്ടിലെ സി.സി ടിവിയിൽ മോഷണദൃശ്യം പതിഞ്ഞിട്ടുണ്ട്. മൂന്ന് യുവാക്കളിൽ രണ്ട് പേർ റോഡിന് സമീപം നിലയുറപ്പിച്ച് വാഹനങ്ങളും ആൾക്കാരും വരുമ്പോൾ പൂട്ട് പൊളിക്കുന്ന യുവാവിന് മുന്നറിയിപ്പ് നൽകുന്നത് കാണാം. മൂന്നു പേരും മുഖം മറച്ചാണ് കടയിലേക്ക് കടക്കുന്നത്. എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |