കണ്ണൂർ: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ പ്രതിയടക്കം ആറുപേരെ 27.82 ഗ്രാം എം.ഡി.എം.എയുമായി മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലോട് മുട്ടന്നൂരിലെ ഒരു ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. മട്ടന്നൂർ പൊലീസും ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്.
പാലയോട്ട് സ്വദേശി എം.പി. മജ്നാസ് (33), മുണ്ടേരി സ്വദേശിനി രജിന രമേഷ് (33), ആദി കടലായി സ്വദേശി എം.കെ. മുഹമ്മദ് റനീസ് (31), കോയ്യോട്ട് ചെമ്പിലോട്ട് സ്വദേശി പി.കെ. സഹദ് (28), പഴയങ്ങാടി സ്വദേശി കെ. ഷുഹൈബ് (43), തെരൂർ പാലയോട്ട് സ്വദേശി കെ. സഞ്ജയ് (28) എന്നിവരാണ് പിടിയിലായത്. ഇവരിൽ സഞ്ജയ് എടയന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ വധിച്ച കേസിലെ ആറാം പ്രതിയാണ്. ലഹരി വിൽപന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു.
എം.ഡി.എം.എയ്ക്കു പുറമെ ഏകദേശം ഒരു ലക്ഷം രൂപ, ഇലക്ട്രോണിക് ത്രാസ്, സിപ് ലോക്ക് കവറുകൾ
500 രൂപ നോട്ടുകൾ എന്നിവയാണ് പിടികൂടിയത്.
മട്ടന്നൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ അനിലിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്‌പെക്ടർ സജീവന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാഹുൽ, നിഷാദ്, സിവിൽ പൊലീസ് ഓഫീസർമാരായ ധനേശൻ, നിപിൻ, അതുല്യ, രാജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികൾ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വിൽപന നടത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ആവശ്യക്കാരെ ലോഡ്ജിൽ എത്തിച്ച് അവിടെനിന്ന് ലഹരി കൈമാറുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്. പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |