'ദൃശ്യം 4' നടത്തിയെന്ന് ജോമോൻ, തൊടുപുഴ ബിജു  ജോസഫിന്റെ കൊലപാതകത്തിൽ നിർണായകമായി കോൾ റെക്കാഡ്

Monday 07 April 2025 9:52 AM IST

ഇടുക്കി: തൊടുപുഴ ചുങ്കം മുളയിങ്കൽ ബിജു ജോസഫിന്റെ മരണത്തിൽ നിർണായക വിവരം പുറത്ത്. കേസിൽ പ്രധാന തെളിവായി ഒന്നാം പ്രതി ജോമോന്റെ കോൾ റെക്കാഡ് വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. കൊലപാതകത്തിന് ശേഷം ജോമോൻ പലരെയും ഫോണിൽ വിളിച്ച് താൻ 'ദൃശ്യം 4' നടത്തിയെന്ന് പറഞ്ഞതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ജോമോന്റെ ഫോണിൽ നിന്നുതന്നെ കോൾ റെക്കാഡ് കണ്ടെത്തുകയായിരുന്നു.

കോൾ റെക്കാഡിലെ ശബ്‌ദത്തിന്റെ ആധികാരികത പരിശോധിക്കാൻ വോയ്‌സ് ടെസ്റ്റ് നടത്തും. താൻ കൃത്യം നടത്തിയതായി ജോമോൻ വെളിപ്പെടുത്തിയവരുടെ മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. ജോമോന്റെ ഭാര്യയെയും പൊലീസ് ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്ന് വിവരമുണ്ട്. ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോകാനുള്ള ആസൂത്രണത്തെക്കുറിച്ച് ഇവർക്ക് അറിവുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിൽ ജോമോൻ ഉൾപ്പെടെയുള്ള പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകിയിരിക്കുകയാണ് പൊലീസ്. അപേക്ഷ തൊടുപുഴ കോടതി ഇന്ന് പരിഗണിക്കും.

മരണകാരണം തലച്ചോറിനേറ്റ ക്ഷതമെന്നാണ് ബിജു ജോസഫിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. ബിജുവിനെ കൊലപ്പെടുത്തിയശേഷം കാറ്ററിംഗ് സ്ഥാപനത്തിന്റെ ഗോഡൗണിലെ മാലിന്യക്കുഴിയിലേയ്ക്കുള്ള മാൻഹോളിൽ തള്ളി കോൺക്രീറ്റ് ചെയ്യുകയായിരുന്നു. അഞ്ച് അടിയോളം താഴ്ചയുള്ള മാൻഹോളിലിറങ്ങി മൂന്നടിയോളം കുഴിയെടുത്ത് അതിനുള്ളിൽ തള്ളികയറ്റിയ നിലയിലായിരുന്നു മൃതദേഹം. തൊടുപുഴ കലയന്താനിക്ക് സമീപം ചെത്തിമറ്റത്താണ് സംഭവം നടന്നത്. ബിജുവിന്റെ ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന്റെ പങ്കാളിയായിരുന്ന ദേവമാതാ കേറ്ററിംഗ് സ്ഥാപന ഉടമ കലയന്താനി തേക്കുംകാട്ടിൽ ജോമോൻ ജോസഫാണ് (51) സംഭവത്തിന് പിന്നിൽ. ആസ്തി പങ്കിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയ്ക്ക് കാരണം.