കണ്ണൂർ: പൊലീസ് കാവലിൽ പരസ്യമദ്യപാനം നടത്തിയ ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയടക്കം മൂന്ന് പേർക്കെതിരെ കേസെടുത്ത് പൊലീസ്. തലശേരി പൊലീസാണ് കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കെതിരെ കേസെടുത്തത്. അബ്കാരി ആക്ട് പ്രകാരമാണ് കേസ്. മാഹി ഇരട്ട കൊലപാതക കേസിൽ തലശേരി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴായിരുന്നു കൊടി സുനിയുടെ മദ്യപാനം. കോടതിക്ക് തൊട്ടുമുന്നിലെ ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിൽ എസ്‌കോർട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരുടെ സാന്നിദ്ധ്യത്തിൽ ആയിരുന്നു മദ്യപാനം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
കൊടി സുനിയും സംഘവും കോടതി പരിസരത്ത് ഇതിന് മുമ്പും മദ്യപിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ വിഷയത്തിൽ കേസെടുക്കുന്നതിനായി പൊലീസ് നിയമോപദേശം തേടിയിരുന്നു. പ്രതികൾക്ക് എസ്‌കോർട്ടിന് സീനിയർ ഉദ്യോഗസ്ഥരെ നിയോഗിക്കാനും തീരുമാനമായിരുന്നു.
സംഭവം വിവാദമായതോടെ കൊടി സുനിയുടെയും സംഘത്തിന്റെയും തുടർവിചാരണ വീഡിയോ കോൺഫറൻസ് വഴിയാണ് കഴിഞ്ഞ ദിവസം നടത്തിയത്. വീഡിയോ കോൺഫറൻസിൽ ജയിൽ വേഷത്തിന് പകരം കാവിമുണ്ട് ധരിച്ചെന്ന ആക്ഷേപമുണ്ട്. എന്നാൽ കേസിൽ കൊടി സുനി വിചാരണ തടവുകാരനാണെന്നതിനാൽ അതിൽ അസ്വാഭാവികതയില്ലെന്നാണ് നിയമവിദഗ്ദർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |