ആലപ്പുഴ: പൊലീസിന്റെ വാഹനക്ഷാമത്തിന് പരിഹാരമായി 373 പുതിയ വാഹനങ്ങൾ വാങ്ങാൻ ഭരണാനുമതി. 42.33 കോടിയാണ് ചെലവ്. പൊലീസ് മേധാവിയുടെ ശുപാർശയിൽ ആഭ്യന്തര വകുപ്പാണ് അനുമതി നൽകിയത്. പതിനഞ്ച് വർഷമോ, മൂന്നു ലക്ഷത്തിലധികം കിലോമീറ്ററോ പിന്നിട്ട വാഹനങ്ങൾക്ക് പകരമാണിത്.
ലോക്കൽ സ്റ്റേഷനുകൾ, റിസർവ് ക്യാമ്പുൾപ്പെടെയുള്ള സ്പെഷ്യൽ യൂണിറ്റുകൾ, കോസ്റ്രൽ സ്റ്റേഷനുകൾ എന്നിവിടങ്ങളിലടക്കം റണ്ണിംഗ് കണ്ടീഷനുള്ള വാഹനങ്ങൾ ആവശ്യത്തിന് ഇല്ലെന്ന് പൊലീസ് മേധാവി റിപ്പോർട്ട് നൽകിയിരുന്നു. 15 വർഷം പിന്നിട്ട 1,182 വാഹനങ്ങളിൽ 737എണ്ണം സ്‌ക്രാപ്പ് ചെയ്‌തു. 445 എണ്ണം സ്‌ക്രാപ്പ് ചെയ്യാനുണ്ട്. മൂന്നുലക്ഷത്തിലധികം കിലോമീറ്ററും പത്തുവർഷവും പിന്നിട്ട് റണ്ണിംഗ് കണ്ടീഷനല്ലാത്ത 282 വാഹനങ്ങളുമുണ്ട്.
ഇവയ്ക്കു പകരമായി 1,464 പുതിയ വാഹനങ്ങൾ വാങ്ങണമെന്നായിരുന്നു പൊലീസ് മേധാവിയുടെ ശുപാർശ. കഴിഞ്ഞ സാമ്പത്തിക വർഷം അവസാനം 33.15 കോടി വിനിയോഗിച്ച് 241 വാഹനങ്ങൾ ബുക്ക് ചെയ്തിരുന്നു. അടുത്ത ഘട്ടമെന്ന നിലയിലാണ് 373 വാഹനങ്ങൾക്ക് ഇപ്പോൾ അനുമതി നൽകിയത്.
വാങ്ങുന്ന വാഹനങ്ങൾ
(എണ്ണം, തുക ക്രമത്തിൽ,
തുക കോടിയിൽ)
സ്റ്റേഷനുകൾ..........................................149, 13.31
ഹിൽ സ്റ്റേഷനുകൾ...............................15, 2.30
ഹൈവേ പട്രോൾ...................................40, 5.42
കൺട്രോൾ റൂം.......................................100, 9.97
ബറ്റാലിയൻ/ സ്പെഷ്യൽ യൂണിറ്റ് ...........20, 1.99
ഡിവൈ.എസ്.പിമാർക്ക്........................30, 2.99
ആംബുലൻസ്..........................................8, 1.51
ഇന്റർസെപ്റ്റർ ബോട്ട്...............................1, 3
പ്രത്യേക ഓപ്പറേഷനുകൾക്ക് ...............5, 94.57 ലക്ഷം
''സാങ്കേതിക അനുമതി ലഭ്യമായി ഇ-ടെൻഡർ നടപടികൾ പൂർത്തിയായാലുടൻ വാഹനങ്ങൾ ലഭ്യമാകും
-മോട്ടോർ ട്രാൻസ്പോർട്ട്
വിഭാഗം, പൊലീസ് ആസ്ഥാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |