ജയ്‌പൂർ: രാജസ്ഥാനിലെ രൺതംബോർ ദേശീയോദ്യാനത്തിൽ ജീവനക്കാരൻ അശ്രദ്ധ കാണിച്ചതായി പരാതി. ദേശീയോദ്യാനത്തിലെ സോൺ ആറിൽ 90 മിനിട്ടോളമാണ് ഒരു കൂട്ടം വിനോദസഞ്ചാരികൾ കുടുങ്ങിപ്പോയത്. കടുവകൾ ഉൾപ്പെടെ നിരവധി വന്യമൃഗങ്ങളുളള പാർക്കിലാണ് ഇത് സംഭവിച്ചത്. വിനോദസഞ്ചാരികളുമായി വന്ന കാന്റർ (പ്രത്യേക വാഹനം) തകരാറിലായതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. കാന്ററിലുണ്ടായിരുന്ന ജീവനക്കാരൻ മറ്റൊരു കാന്ററുമായി വരാമെന്ന് പറഞ്ഞാണ് വിനോദസഞ്ചാരികളെ അപകടസാദ്ധ്യത നിറഞ്ഞ സ്ഥലത്താക്കിയതിനുശേഷം കടന്നുകളഞ്ഞത്.
വിനോദസഞ്ചാരികളുടെ കൂട്ടത്തിൽ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. സംഭവദിവസം വൈകുന്നേരം ആറ് മണിയോടെയാണ് കാന്റർ തകരാറിലായത്. വിനോദസഞ്ചാരികളോട് മോശമായി പെരുമാറിയതിനുശേഷമാണ് ജീവനക്കാരൻ സംഭവ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതെന്നാണ് ആരോപണം. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പാർക്കിൽ 60ൽ അധികം കടുവകളുണ്ടെന്നാണ് വിവരം. മൊബൈൽ വെളിച്ചത്തിൽ പേടിച്ചു കരയുന്ന കുട്ടികളുടെയുൾപ്പെടെയുളളവരുടെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.
ദേശീയോദ്യാനത്തിൽ കടുവകളെ കൂടാതെ പുളളിപ്പുലികൾ, സ്ലോത്ത് കരടികൾ, മാർഷ് മുതലകൾ എന്നിവയും കൂടുതലായുണ്ട്. വൈകുന്നേരം ആറ് മണി മുതൽ ഏഴര വരെയാണ് ഇവർ കുടുങ്ങിയത്. വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. രൺതംബോറിലെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് രൺതംബോർ ടൈഗർ റിസർവിന്റെ ഫീൽഡ് ഡയറക്ടറും ചീഫ് കൺസർവേറ്ററുമായ അനൂപ് കെ ആർ പറഞ്ഞു. നിയമങ്ങൾ ലംഘിച്ച ജീവനക്കാരനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |