'ഉണ്ണി മുകുന്ദനെതിരെ ഒരുപാട് കാര്യങ്ങൾ ഇനിയും പറയാനുണ്ട്'; നടൻ വധഭീഷണി മുഴക്കിയെന്ന് എഫ്‌ഐആർ
കൊച്ചി: മാനേജരെ മർദ്ദിച്ചെന്ന പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരായ കേസിലെ എഫ്‌ഐആർ വിവരങ്ങൾ പുറത്ത്. നടൻ വധഭീഷണി മുഴക്കിയെന്നും മാനേജരുടെ കരണത്തടിച്ചുവെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്. ടൊവിനോ തോമസ് നായകനായെത്തിയ 'നരിവേട്ട' എന്ന സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിനാലാണ് തന്നെ മർദ്ദിച്ചതെന്നാണ് മാനേജർ വിപിൻ കുമാർ ഇൻഫോപാർക്ക് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കാക്കനാട്ടെ ഫ്ലാറ്റിൽ വച്ചായിരുന്നു മർദ്ദനം. ഇൻഫോപാർക്ക് പൊലീസിലാണ് വിപിൻ പരാതി നൽകിയിരിക്കുന്നത്. മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് വിപിൻ കുമാറിന്റെ പരാതി.
'മറ്റൊരു താരം സമ്മാനമായി നൽകിയ കണ്ണട ഉണ്ണി മുകുന്ദൻ ചവിട്ടിപ്പൊട്ടിച്ചു. മാർക്കോയ്ക്ക് ശേഷം ഒരു സിനിമയും വിജയിച്ചില്ല. പുതിയ പടങ്ങൾ കിട്ടാത്തതിന്റെ നിരാശയാണ് ഉണ്ണിക്ക്. അത് പലരോടും തീർക്കുകയാണ്. ഉണ്ണിക്ക് പല ഫ്രസ്‌ട്രേഷനുകളുണ്ട്. കൂടെയുള്ളവരോടാണ് അത് തീർക്കുന്നത്. ഉണ്ണി സംവിധാനം ചെയ്യാനിരുന്ന പടത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറി.
18 വർഷമായി ഞാൻ സിനിമാപ്രവർത്തകനാണ്. അഞ്ഞൂറോളം സിനിമകൾക്ക് വേണ്ടി ജോലി ചെയ്തു. ഉണ്ണി മുകുന്ദനെതിരെ സിനിമാ സംഘടനകൾക്ക് പരാതി നൽകിയിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ ഇനിയും പറയാനുണ്ട്. അതൊക്കെ പിന്നീട് പറയും'- വിപിൻ കുമാർ വ്യക്തമാക്കി. മാനേജരുടെ മൊഴി എടുത്ത് വ്യക്തത വരുത്തിയ ശേഷമാണ് നടനെതിരെ പൊലീസ് കേസെടുത്തത്. അതേസമയം, വിഷയത്തിൽ ഉണ്ണി മുകുന്ദൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.