കടയ്ക്കൽ: നടപടി നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥനെ സുഹൃത്തിന്റെ വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നിലമേൽ വിളയിടം ചരുവിള പുത്തൻവീട്ടിൽ ഇർഷാദിനെയാണ് (26) സുഹൃത്ത് ചിതറ കല്ലുവെട്ടാംകുഴി വിശ്വാസ് നഗറിൽ യാസിൻ മൻസിലിൽ സഹദിന്റെ (28) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹദിനെ ചിതറ പൊലീസ് അറസ്റ്റ് ചെയ്തു. സഹദിന്റെ വീട്ടിൽ ഇർഷാദ് അടക്കമുള്ള സുഹൃത്തുക്കൾ എത്തുന്നത് പതിവാണ്. ഒരാഴ്ചയായി ഇർഷാദ് സഹദിന്റെ വീട്ടിലാണ് കഴിഞ്ഞിരുന്നത്.
ഇന്നലെ രാവിലെ 11 ഓടെ സഹദിന്റെ പിതാവ് അബ്ദുൽ സലാമാണ് മൃതദേഹം ആദ്യം കാണുന്നത്. വീടിന് മുന്നിലിരുന്ന് പത്രം വായിക്കുകയായിരുന്ന അബ്ദുൽ സലാം വെള്ളം കുടിക്കാൻ അകത്തേക്ക് കയറിയപ്പോൾ വാതിൽ അടച്ചിരിക്കുകയായിരുന്നു. തട്ടിവിളിച്ചപ്പോൾ കുഞ്ഞിന് പാല് കൊടുത്തുകൊണ്ടിരുന്ന മകളെത്തി വാതിൽ തുറന്നു. അകത്ത് കയറിയപ്പോൾ അപ്രതീക്ഷിതമായി കത്തിയുമായി നിൽക്കുന്ന സഹദിനെയാണ് കണ്ടത്. പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ പിതാവ് കത്തി വാങ്ങി മേശപ്പുറത്ത് വച്ചു. പരിശോധനയിൽ മുറിയിൽ ഇർഷാദിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അബ്ദുൽ സലാം പൊലീസിൽ വിവരം അറിയിച്ചു. രക്ഷപ്പെടാതിരിക്കാൻ നാട്ടുകാരുടെ സഹായത്തോടെ സഹദിനെ കെട്ടിയിട്ടു. ഇർഷാദും സഹദും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിച്ച ശേഷം ഉണ്ടായ വാക്കുതർക്കത്തിൽ സഹദ് ഇർഷാദിനെ കെലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലയ്ക്ക് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു.
അടൂർ പൊലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥനായിരുന്ന ഇർഷാദ് സ്ഥിരമായി ജോലിക്ക് എത്താത്തതിനാൽ ജോലിയിൽ നിന്ന് പുറത്ത് നിറുത്തിയിരിക്കുകയായിരുന്നു.
സ്പോട്സ് ക്വാട്ടയിലാണ് ഇയാൾക്ക് നിയമനം ലഭിച്ചത്. വർഷങ്ങൾക്ക് മുമ്പ് നിലമേലിൽ ഇർഷാദിന്റെ വീടിന് സമീപത്തായിരുന്ന സഹദ് താമസിച്ചിരുന്നത്. പിന്നീടാണ് ചിതറ കല്ലുവെട്ടാംകുഴിയിൽ താമസമാക്കിയത്. ഇരുവരുടെയും സ്വഭാവദൂഷ്യത്തെ വീട്ടുകാർ ചോദ്യം ചെയ്തിരുന്നു. പരേതരായ അഷ്‌റഫ് - ഷീജ ദമ്പതികളുടെ മകനാണ് ഇർഷാദ്. ആർമി ഉദ്യോഗസ്ഥനായ അർഷാദാണ് സഹോദരൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |