തിരുവനന്തപുരം: വഞ്ചിനാട് ഭവന നിർമ്മാണ സഹകരണ സംഘം തട്ടിപ്പ് ബോർഡ് മെമ്പർമാരുടെയും ഏജന്റുമാരുടെയും നേതൃത്വത്തിൽ നടന്ന കാട്ടുകൊള്ളയെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. സഹകരണസംഘം പേരൂർക്കട യൂണിറ്റ് ഇൻസ്പെക്ടർ കെ.സുനിതയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് ഉടൻ രജിസ്ട്രാർക്ക് സമർപ്പിക്കും. അനധികൃതമായും അംഗങ്ങളറിയാതെ അവരുടെ പേരിൽ വ്യാജരേഖകൾ ചമച്ചും വായ്പകൾ നൽകിയതും ബിനാമി ഇടപാടുകൾ നടത്തിയതും അംഗങ്ങളിൽ നിന്നും അധിക വൗച്ചർ ഒപ്പിട്ട് വ്യാജ വൗച്ചർ ചമച്ചും നിക്ഷേപകർ അറിയാതെയും സംഘം സെക്രട്ടറിയും ജീവനക്കാരും ചേർന്ന് കോടികൾ അപഹരിച്ച് കബളിപ്പിച്ചതുമായ നിരവധി ക്രമക്കേടുകളാണ് രജിസ്ട്രാറുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.
അന്വേഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വഞ്ചിനാട് ഭവനനിർമ്മാണ സഹകരണസംഘം പ്രസിഡന്റ് കെ.വിജയകുമാർ,സെക്രട്ടറി പി.ശ്രീകല,ബ്രാഞ്ച് മാനേജർ എ.ഗോപകുമാർ,പ്രധാന കളക്ഷൻ ഏജന്റ് യു.സുജിത എന്നിവരിപ്പോൾ റിമാൻഡിലാണ്. കഴിഞ്ഞ ആഴ്ചയിൽ മുൻകൂർ ജാമ്യത്തിനായി ശ്രമിച്ച ബോർഡ് മെമ്പർമാരായ ബിജു.എസ്,സുരേഷ്.കെ,രാജേഷ്.കെ.ആർ എന്നിവരുടെ ജാമ്യാപേക്ഷ കോടതി നിരുപാധികം തള്ളിയതിനെ തുടർന്ന് ഇവരിപ്പോൾ ഒളിവിലാണ്. സംഘം ബോർഡ് മെമ്പർ സിഞ്ജു ചന്ദ്രൻ,അറ്റൻഡർ ഷീജ.എസ്,പ്യൂൺ ശ്രീകല കെ.ജി എന്നിവരും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ കേസ് ഇരുപതാം തിയതിയിലേക്ക് മാറ്റി. അതേസമയം റൂൾ 65 പ്രകാരം അന്വേഷണോദ്യോഗസ്ഥനായ തിരുവനന്തപുരം അസിസ്റ്റന്റ് രജിസ്ട്രാർ(ജനറൽ)ശ്രീകാര്യം യൂണിറ്റ് ഇൻസ്പെക്ടർ എം.ഷമീറിനെ ചുമതലയിൽ നിന്ന് മാറ്റി പേരൂർക്കട യൂണിറ്റ് ഇൻസ്പെക്ടർ കെ.സുനിതയെ ചുമതലപ്പെടുത്തി. കഴിഞ്ഞ ഡിസംബർ 16നാണ് തിരുവനന്തപുരം ജോയിന്റ് രജിസ്ട്രാർ(ജനറൽ) ടി.അയ്യപ്പൻ നായർ ഉത്തരവിറക്കിയത്. അന്വേഷണ കാലാവധി 2024 നവംബർ 30 മുതൽ മൂന്ന് മാസത്തേക്ക് നീട്ടി നൽകിയിട്ടുണ്ട്. തട്ടിപ്പിനെ സംബന്ധിച്ചുള്ള റിപ്പോർട്ട് ഫെബ്രുവരി 28നകം സമർപ്പിക്കണം. ഇതിനിടെ മുൻകൂർ ജാമ്യാപേക്ഷയ്ക്കുവേണ്ടി കോടതിയെ സമീപിച്ച വഞ്ചിനാട് ഭവന നിർമ്മാണ സഹകരണ സംഘം വൈസ് പ്രസിഡന്റ് ജി.എസ് പ്രകാശിന്റെ കേസുകളിൽ അഡീഷണൽ സെഷൻസ് കോടതി 15ന് വാദം കേൾക്കും. നിരവധി കേസുകളിൽ അന്വേഷണം നേരിടുമ്പോഴും ഇദ്ദേഹം സെൻട്രൽ ഗവൺമെന്റിന്റെയും ബി.എസ്.എൻ.എല്ലിന്റെയും സ്റ്റാൻഡിംഗ് കൗൺസിലറായി തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |