കൊച്ചി: കടയിൽ നിന്ന് പലതവണയായി വാങ്ങിയ സാധനങ്ങളുടെ പണം ചോദിച്ച കടക്കാരനെ ഗുണ്ടയും കൂട്ടാളികളും ചേർന്ന് തല്ലിച്ചതച്ച സംഭവത്തിൽ, ഗുണ്ടയും ഒരു കൂട്ടാളിയും അറസ്റ്റിലായി. പത്ത് ദിവസം മുമ്പാണ് സംഭവം. മറ്റ് രണ്ട് പേർക്കായി അന്വേഷണം തുടരുന്നു.
തൈക്കൂടം മെട്രോ സ്റ്റേഷന് സമീപത്തെ 'ഉമാമി' എന്ന കഫേയിലെ ജീവനക്കാരനായ മലപ്പുറം നിലമ്പൂർ മില്ലുപടി കുപ്പനത്ത് വീട്ടിൽ സിറാജുദ്ദീനാണ് (30) മർദ്ദനമേറ്റത്. വൈറ്റില തൈക്കൂടം വെർണമാട്ടിക്കര വീട്ടിൽ സ്വാമിനാഥൻ, എറണാകുളം എരൂർ വെസ്റ്റ് പുല്ലനാട് വീട്ടിൽ മിഥുൻ (കുന്നറ) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ ഇവരെ എരൂർ വെസ്റ്റിലെ ഒഴിഞ്ഞ പ്രദേശത്തുനിന്നാണ് പിടികൂടിയത്. കേസിൽ നാല് പേരെയാണ് പ്രതി ചേർത്തിരുന്നതെങ്കിലും, നാലാം പ്രതിക്ക് സംഭവവുമായി ബന്ധമില്ലെന്ന് പരാതിക്കാരന്റെ മൊഴിയെത്തുടർന്ന് ഇയാളെ കേസിൽനിന്ന് ഒഴിവാക്കിയേക്കും.
മരട് എസ്.എച്ച്.ഒയുടെ നിർദ്ദേശപ്രകാരം എസ്.ഐമാരായ സുധീർ, സജീഷ്, സി.പി.ഒമാരായ ശ്രീജിത്ത്, ജാഫർ, പ്രശാന്ത് ബാബു, ബൈജു, പോൾ മൈക്കിൾ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
സിമന്റ് കട്ടകൊണ്ട് എറിഞ്ഞു
സിറാജുദ്ദീൻ ജോലി ചെയ്യുന്ന കഫേയിൽനിന്നാണ് സ്വാമിനാഥനും സുഹൃത്തുക്കളും സിഗരറ്റും മറ്റും വാങ്ങിയിരുന്നത്. സംഭവദിവസം സാധനങ്ങൾ വാങ്ങിയപ്പോൾ തരാനുള്ള പണം 5000 രൂപയായെന്ന് സിറാജുദ്ദീൻ അറിയിച്ചു. ഇതായിരുന്നു പ്രകോപനം. 'തങ്ങളോട് പണം ചോദിക്കാൻ ആയോ?' എന്ന് ചോദിച്ച് സ്വാമിനാഥനും സംഘവും സിറാജുദ്ദീനെ മർദ്ദിക്കുകയായിരുന്നു. വലിയ സിമന്റ് കട്ട എറിഞ്ഞെങ്കിലും സിറാജുദ്ദീൻ ഒഴിഞ്ഞുമാറിയതിനാൽ രക്ഷപ്പെട്ടുവെന്നാണ് മൊഴി. മുഖത്തും പുറത്തുമെല്ലാം മർദ്ദനമേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |