കൊച്ചി: ആലുവ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ചമഞ്ഞ് സ്ത്രീകളിൽ നിന്നുമാത്രം 'കടംവാങ്ങി" പണം തട്ടുന്ന വിരുതൻ ഒടുവിൽ ആലുവ പൊലീസിന്റെ തന്നെ വലയിലായി! ചൊവ്വരയിൽ വാടകയ്ക്ക് താമസിക്കുന്ന കാസർകോട് ബോവികാനം സമ്പത്ത് നിവാസിൽ ശശിധര ഗോപാലനാണ് (39) അറസ്റ്റിലായത്. മൂന്ന് വീട്ടമ്മാരുടെ പരാതിയിലായിരുന്നു അറസ്റ്റ്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. സൂരജ് എന്ന പേരിലാണ് ഇയാളെ ആൾമാറാട്ടം നടത്തിയിരുന്നത്. നിരവധിപ്പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. നാണക്കേട് മൂലം പലരും പരാതിനൽകാൻ തയ്യാറായിട്ടില്ല.
രാവിലെ ജോലിക്കെന്ന് പറഞ്ഞ് ഇറങ്ങുന്ന ശശിധര, സർക്കാർ ആശുപത്രികളിലും സർക്കാർ സ്ഥാപനങ്ങളുടെ പരിസരത്തും തമ്പടിക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് ഇരയെ ടാർഗറ്റ് ചെയ്യും. ഇവർക്ക് വേണ്ട സഹായങ്ങളും മറ്റും ചെയ്യുന്നതാണ് ആദ്യ നമ്പർ. ആലുവ സ്റ്റേഷനിലെ പൊലീസുകാരനാണെന്നും ഡ്യൂട്ടി ആവശ്യവുമായി എത്തിയതാണെന്നും ഈ സമയത്തിനുള്ളിൽ പറഞ്ഞ് വിശ്വാസ്യത നേടിയെടുക്കും. പരിചയത്തിന്റെ പേരിൽ നമ്പറും കൈക്കലാക്കും. ഒരു ദിവസം തന്നെ ഈ വിധം പലരെയും സമീപം. പിന്നീട് ഇവരെയെല്ലാം പലതവണകളായി ഫോണിൽ വിളിച്ച് സൗഹൃദം ഊട്ടിയുറപ്പിക്കുകയാണ് തട്ടിപ്പിന്റെ രണ്ടാം ഘട്ടം.
ഈ അടുപ്പം മുതലെടുത്ത് പണം കടം വാങ്ങിയെടുക്കുന്നതോടെ ബന്ധം അവിടെ തീരും. പൊലീസുകാരനാണെന്നും ശമ്പളം കിട്ടുമ്പോൾ തിരികെ ലഭിക്കുമെന്നും വിശ്വസിച്ച് സ്വർണാഭരണം പണയം വച്ചുവരെയാണ് സ്ത്രീകൾ ഇയാൾക്ക് പണം നൽകിയിട്ടുള്ളത്. 20,000 മുതൽ രണ്ട് ലക്ഷം വരെ വാങ്ങിയിട്ടുണ്ട്. തിരികെ ചോദിക്കുമ്പോൾ തിരക്കിലാണെന്നും മറ്റും പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്തിരുന്നത്.
അങ്ങനെ ഒരാളില്ല
പണം തിരികെ ചോദിച്ചിട്ടും നൽകാതെ വന്നതോടെ, ഇരയായ യുവതി സുഹൃത്തുവഴി ആലുവ, നെടുമ്പാശേരി പൊലീസ് സ്റ്റേഷനുകളിൽ സൂരജിനെക്കുറിച്ച് അന്വേഷിച്ചു. അങ്ങനെ ഒരു പൊലീസുകാരൻ ഇല്ലെന്ന് കണ്ടെത്തി. പിന്നീട് ഇയാളുടെ ഫോൺ തന്ത്രപൂർവ്വം കൈക്കലാക്കിയ ഇവർ കാൾ ലിസ്റ്റിൽ നിന്നും മറ്റ് സ്ത്രീകളുടെ നമ്പർ ശേഖരിച്ചു. ഇവരെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പിൽ വ്യക്തത വന്നത്. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസിന്റെ പിടിയിലായതോടെ ഇയാളുടെ യഥാർത്ഥ ജോലി വീട്ടുകാരും തിരിച്ചറിഞ്ഞു.
കാക്കി പാന്റും പൊലീസ് കട്ടും
കാക്കി പാന്റും ഷൂസും പിന്നെ പൊലീസ് സ്റ്റൈലിലെ മുടിവെട്ടും. അടിമുടി മഫ്തി പൊലീസുകാരന്റെ ഗെറ്റ് അപ്പിലാണ് ശശിധർ കറങ്ങി നടന്നിരുന്നത്. കേട്ടാൽ അറയ്ക്കുന്ന തെറികൂടി ഫോണിലൂടെ പറഞ്ഞിരുന്നതിനാൽ അസൽ പൊലീസെന്ന് പലരും ഉറപ്പിച്ചു. സ്ത്രീകളെ ദുരുപയോഗം ചെയ്തിട്ടില്ലെന്നാണ് ലഭിച്ചിട്ടുള്ള വിവരം. പൊലീസ് യൂണിഫോം ദുരുപയോഗം ചെയ്യാത്തതിനാൽ തട്ടിപ്പ് വകുപ്പ് മാത്രമേ ചുമത്തിയിട്ടുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |