38കാരന് 70 ലക്ഷം നഷ്ടം
കൊച്ചി: അമേരിക്കൻ റിയൽ എസ്റ്റേറ്റ് കമ്പനിയായ റെഡ്ഫിന്നിന്റെ പേരിൽ കൊച്ചിയിൽ വൻ തട്ടിപ്പ്. തൃക്കാക്കര സ്വദേശിയായ 38കാരനെ കബളിപ്പിച്ച് 70 ലക്ഷം രൂപ തട്ടിയെടുത്തു. രണ്ട് മലയാളികളും ഒരു മഹാരാഷ്ട്ര സ്വദേശിയുമാണ് തട്ടിപ്പിന് പിന്നിൽ . മൂവരെയും പ്രതിചേർത്ത് പൊലീസ് കേസെടുത്തു. ജൂൺ 25 മുതൽ ജൂലായ് 19 വരെയുള്ള കാലയളവിലായിരുന്നു ആഗോള കമ്പനിയുടെ പേരിൽ തട്ടിപ്പ് നടന്നത്.
ഓൺലൈൻ ജോലിയുമായി ബന്ധപ്പെട്ട് എത്തിയ വാട്‌സ്ആപ്പ് കാളിൽ നിന്നാണ് തട്ടിപ്പിന്റെ തുടക്കം. ഒന്നാം പ്രതിയായ മഹാരാഷ്ട്ര സ്വദേശിയുടേതായിരുന്നു കാൾ. റെഡ്ഫിൻ കോർപ്പറേഷന്റെ ജീവനക്കാരനെന്ന് വിശ്വസിപ്പിച്ച ഇയാൾ, വൻലാഭമുള്ള സംരംഭമെന്ന് പ്രലോഭിപ്പിച്ചു. പിന്നാലെ രണ്ടാം പ്രതിയായ മലയാളി യുവതി റെഡ്ഫിന്നിന്റെ ഭാഗമെന്ന് അറിയിച്ച് പരാതിക്കാരനെ വാട്‌സ്ആപ്പിലൂടെ ബന്ധപ്പെട്ടു. റെഡ്ഫിന്നിന്റെ തന്നെ റെന്റ് കോം എന്ന പോർട്ടൽ തുടങ്ങിയാൽ, ഓൺലൈൻ മുഖേനെ നടക്കുന്ന വസ്തുക്കച്ചവടങ്ങളിൽ കമ്മിഷനായി മാത്രം ലക്ഷങ്ങൾ കിട്ടുമെന്ന് ഇവർ വിശ്വസിപ്പിച്ചു.
മലയാളി യുവതിയുടെ വാക്കിൽ വീണ 38കാരൻ 70 ലക്ഷം രൂപ പ്രതികൾ നൽകിയ 40 ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചു. യുവാവിന്റെ ആകെയുണ്ടായിരുന്ന സമ്പാദ്യമായിരുന്നു ഇത്. ദിവസങ്ങൾക്കകം നിക്ഷേപമടക്കം 85 ലക്ഷം രൂപയായി എന്ന് 38കാരന് മെസേജ് വന്നു. പക്ഷേ തുക പിൻവലിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പണം പിൻവലിക്കുന്നതിന് കൂടുകൽ തുക നിക്ഷേപിക്കണമെന്ന വ്യവസ്ഥ മലയാളികൾ മുന്നോട്ടുവച്ചു. തുടർന്നാണ് ഇത് തട്ടിപ്പായിരുന്നുവെന്ന് യുവാവ് തിരിച്ചറിഞ്ഞത്. കഴിഞ്ഞദിവസം ഇയാൾ കളമശേരി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതിപ്പെടുകയായിരുന്നു.
പ്രതികളുടെ വാട്‌സ്ആപ്പ് നമ്പറുകളും തെളിവുകളും പൊലീസിന് കൈമാറിയിട്ടുണ്ട്. പൊലീസ് പണം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും പിന്നിൽ ഉത്തരേന്ത്യൻ സൈബർ തട്ടിപ്പ് സംഘമായിരിക്കും എന്ന് കരുതുന്നു.
റെഡ്ഫിൻ
അമേരിക്ക, കാനഡ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന വമ്പൻ ഓൺലൈൻ റിയൽ എസ്റ്റേറ്റ് കമ്പനി. 2004ൽ തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |