
കൊച്ചി: തിരുവനന്തപുരം പാളയത്തെ പെട്രോൾ പമ്പിൽ നിന്ന് 1.80 ലക്ഷം രൂപ കവർന്ന കേസിലെ പ്രതി മലപ്പുറം പൊന്നാനി കടവനാട് പുതുമാളിയേക്കൽ വീട്ടിൽ പി.എം. തഫ്സീർ ധർവേഷ് (30) കൊച്ചിയിൽ അറസ്റ്റിലായി. ചെറുതും വലുതുമായ 60ഓളം മോഷണക്കേസുകളിൽ പ്രതിയായ ഇയാളെ എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്തെ ലോഡ്ജിൽ നിന്നാണ് കൊച്ചി സിറ്റി പൊലീസ് പിടിച്ചത്.
13ന് പുലർച്ചെ 2.3നാണ് പാളയം എച്ച്.പി.സി.എൽ പമ്പിലെ ഓഫീസ് മുറിയും ലോക്കറും കുത്തിത്തുറന്ന് പണം കവർന്നത്. സി.സി ടിവി ക്യാമറ ദൃശ്യങ്ങളിൽ തഫ്സീറിനെ തിരിച്ചറിഞ്ഞ മ്യൂസിയം പൊലീസ് ഇയാളുടെ ഫോൺ ട്രാക്ക് ചെയ്തപ്പോൾ എറണാകുളത്ത് എത്തിയെന്ന് കണ്ടെത്തി. ഇന്നലെ രാവിലെ 10.45ന് എറണാകുളം സെൻട്രൽ എസ്.ഐമാരായ സുബോധ്, ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ലോഡ്ജ് റെയ്ഡ് ചെയ്ത് പിടികൂടി.
പെട്രോൾ പമ്പിൽ നിന്ന് കവർന്ന പണത്തിൽ 90,000 രൂപ സി.ഡി.എം ഉപയോഗിച്ച് രണ്ട് തവണയായി സ്വന്തം അക്കൗണ്ടിൽ നിക്ഷേപിച്ചു. 23,000 രൂപ കൈവശമുണ്ടായിരുന്നു. പ്രതിയെ മ്യൂസിയം പൊലീസിന് കൈമാറി. സിനീയർ സി.പി.ഒ ജിനേഷ്, മനോജ് എന്നിവരും അന്വേഷണ സംഘത്തിൽലുണ്ടായിരുന്നു.
ലോക്കർ സ്പെഷ്യലിസ്റ്റ്
മലപ്പുറം, തൃശൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് തഫ്സീറിന്റെ കവർച്ചകൾ. ലോക്കറുകൾ കുത്തിത്തുറക്കുന്നതിൽ വിദഗ്‌ദ്ധനാണ്. മാരകായുധങ്ങൾ ഉപയോഗിക്കാറില്ല. ഇന്നലെ പിടിയിലാകുമ്പോൾ കൈവശം സ്ക്രൂ ഡ്രൈവർ മാത്രം. 10 വർഷമായി മോഷണം തുടരുന്നു. നിരവധി തവണ ജയിലിലായി.
2018ൽ എറണാകുളം നഗരത്തിലെ കവർച്ചക്കേസിൽ കസ്റ്റഡിയിലെടുത്ത് സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചപ്പോൾ പാറാവുകാരന്റെ കണ്ണിൽ കടലക്കറി ഒഴിച്ച് സ്റ്റേഷനിൽ നിന്ന് കടന്നു. ഈ സംഭവത്തിൽ രണ്ട് പൊലീസുകാർ സസ്പെൻഷനിലായിരുന്നു. തനിച്ചാണ് മോഷണം നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |