കൊച്ചി: കോതമംഗലത്ത് 23കാരിയായ ടിടിസി വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ആൺസുഹൃത്തായ റമീസിന്റെ വീട്ടിൽ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും മതം മാറാൻ നിർബന്ധിച്ചുവെന്നുമാണ് കുറിപ്പിലുള്ളത്. നെടുമ്പാശേരി വിമാനത്താവളത്തിലെ താത്‌കാലിക ജീവനക്കാരനാണ് റമീസ്. കഴിഞ്ഞ ശനിയാഴ്‌ചയാണ് ടിടിസി വിദ്യാർത്ഥിനിയായ സോന എൽദോസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സോനയും റമീസും തമ്മിലെ അടുപ്പം ഇരുവീട്ടുകാർക്കും അറിയാമായിരുന്നുവെന്നാണ് വിവരം. റമീസിന്റെ പറവൂരിലെ വീട്ടിൽ കൊണ്ടുപോയി സോനയെ ഉപദ്രവിച്ചുവെന്നും വിവാഹം കഴിക്കണമെങ്കിൽ മതം മാറണമെന്ന് റമീസും പിതാവും നിർബന്ധിച്ചുവെന്നുമാണ് കുറിപ്പിലുള്ളത്. സോനയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. സോനയുടെ കുടുംബത്തിന്റെ പരാതിയിൽ റമീസിനെതിരെ ആത്മഹത്യാപ്രേരണ, ദേഹോപദ്രവം എന്നീ വകുപ്പുകൾ കൂടി ചേർത്തിരിക്കുകയാണ്.
കുറിപ്പിലെ ചില ഭാഗങ്ങൾ
'ഇങ്ങനെ ചതിക്കപ്പെട്ട് ജീവിക്കാൻ സാധിക്കില്ല. ഇമ്മോറൽ ട്രാഫിക്കിന് പിടിച്ച റമീസിനോട് ഞാൻ ക്ഷമിച്ചു. എന്നാൽ അവൻ വീണ്ടും വീണ്ടും എന്നോട് സ്‌നേഹമില്ലെന്ന് തെളിയിച്ചു. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന എന്നോട് മതം മാറാൻ നിർബന്ധിച്ചു. രജിസ്റ്റർ മാര്യേജ് നടത്താമെന്ന വ്യാജേന വീട്ടിലെത്തിച്ച് കുടുംബക്കാരെക്കൊണ്ട് മതം മാറിയാൽ കല്യാണം നടത്താമെന്ന് പറയിപ്പിച്ചു. റമീസിന്റെ തെറ്റുകൾ ഉപ്പയും ഉമ്മയും അറിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. മതം മാറാൻ സമ്മതിച്ച എന്നോട് പിന്നീടും റമീസും കൂട്ടുകാരും കുടുംബക്കാരും ക്രൂരത തുടർന്നു. മതം മാറിയാൽ മാത്രം പോര തന്റെ വീട്ടിൽ നിൽക്കണമെന്നും കർശനമായി പറഞ്ഞു. അപ്പന്റെ മരണം തളർത്തിയ എന്നെ മേൽപ്പറഞ്ഞ വ്യക്തികൾ ചേർന്ന് മരണത്തിലേക്ക് എത്തിച്ചിരിക്കുന്നു'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |