മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം മേയ് 10 വരെ
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ഏപ്രിൽ 27ന് ഗോവയിലേക്ക് ഷിഫ്ട് ചെയ്യും. മേയ് 10 വരെ ഗോവയിൽ ചിത്രീകരണം ഉണ്ടാകും. നാളെ വരെയാണ് കൊച്ചിയിലെ ചിത്രീകരണം . ഗോവ ചിത്രീകരണത്തോടെ ബറോസിന്റെ ചിത്രീകരണം ഏറക്കുറെ പൂർത്തിയാകുമെന്നാണ് വിവരം. ഗുരു സോമസുന്ദരം ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം മാർച്ച് 29നാണ് ബറോസിന്റെ ചിത്രീകരണം ആരംഭിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് ഷൂട്ടിംഗ് നിറുത്തിവയ്ക്കേണ്ടിവന്നു. കഴിഞ്ഞ ഡിസംബറിലാണ് ചിത്രീകരണം പുനരാരംഭിച്ചത്. ഏഷ്യാനെറ്റ് മുൻ ചെയർമാൻ ശശികുമാറിന്റെ മകൻ തുഹിൻ മേനോനും ത്രിഡിയിൽ ഒരുങ്ങുന്ന ബറോസിൽ അഭിനയിക്കുന്നുണ്ട്. അന്തർദ്ദേശിയ ചിത്രം എന്ന നിലയിലാണ് മോഹൻലാൽ ബറോസ് ഒരുക്കുന്നത്. കാമറയ്ക്കു മുന്നിലും പിന്നിലും മോഹൻലാലിനെ കാണാൻ കഴിയുന്നതിന്റെ ആഹ്ലാദത്തിലാണ് അണിയറ പ്രവർത്തകർ. നവോദയയിലും ഫോർട്ട് കൊച്ചിയിലും തീർത്ത വലിയ സെറ്റുകളിലായിരുന്നു ചിത്രീകരണം.
ഗോവയിലും വിപുലമായ സെറ്റ് ചിത്രീകരണത്തിനു വേണ്ടി ഒരുക്കിയിട്ടുണ്ട്. വിദേശ നടി പാസ്വ വേഗചിത്രത്തിന്റെ ഭാഗമാണ്. പോർച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. മോഹൻലാൽ തന്നെയാണ് നായക കഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്. മൈ ഡിയർ കുട്ടിച്ചാത്തന്റെ സ്രഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് ഒരുങ്ങുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻപ്രൊഡക്ഷൻ ഡിസൈനർ: സന്തോഷ് രാമൻ.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |