സിനിമയെപ്പറ്റി നല്ല ധാരണയുള്ളയാളാണ് പൃഥ്വിരാജെന്ന് മോഹൻലാൽ. ലൂസിഫറും എമ്പുരാനുമൊക്കെ ഷൂട്ട് ചെയ്യാൻ പ്രയാസമുള്ള സിനിമകളാണെന്നും, എമ്പുരാൻ ഷൂട്ടിംഗ് പുരോഗമിക്കുകയാണെന്നും അദ്ദേഹം കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പുതിയ തലമുറയിൽ ബ്രില്യാന്റായ ഒരുപാട് താരങ്ങൾ ഉണ്ടെന്നും മോഹൻലാൽ പറഞ്ഞു. തനിക്കും മമ്മൂട്ടിയ്ക്കും കിട്ടിയ ഭാഗ്യം നല്ല സ്‌ക്രിപ്റ്റ് ലഭിച്ചെന്നതാണ്. അതുപോലത്തെ കഥാപാത്രങ്ങൾ അവർക്ക് ലഭിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. നല്ലൊരു റോൾ കിട്ടുകയെന്നത് ഒരു താരത്തിന് ലഭിക്കുന്ന വലിയ ഭാഗ്യമാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
പത്മരാജനെപ്പറ്റിയുള്ള ഓർമകളും അദ്ദേഹം പങ്കുവച്ചു. 'പപ്പേട്ടൻ പൂജപ്പുരയിലുള്ള ആളാണ്. എന്റെ വീടിനടുത്തുള്ള ആളാണ്. പിന്നെ മിക്ക ദിവസങ്ങളിലും ഞാൻ ഓർക്കുന്ന ആളാണ് പപ്പേട്ടൻ. ഇന്ന് ഇപ്പോൾ താങ്കൾ ഓർമിപ്പിച്ചു. അല്ലെങ്കിൽ എവിടെയെങ്കിലും വച്ച് എന്തെങ്കിലും കാര്യത്തിന് അദ്ദേഹത്തിന്റെ പേര് വരും. ഞാൻ അങ്ങനെ സ്വപ്നമൊന്നും കാണുന്നയാളല്ല. പക്ഷേ അദ്ദേഹത്തെ വല്ലപ്പോഴുമൊക്കെ കാണാറുണ്ട്.'- മോഹൻലാൽ വ്യക്തമാക്കി.
ദൃശ്യത്തെപ്പറ്റിയും അദ്ദേഹം വെളിപ്പെടുത്തി. 'സിനിമയിലല്ലേ ഇങ്ങനെയൊക്കെ പറ്റുള്ളൂ. അല്ലേൽ പൊലീസ് പിടിക്കില്ലേ. ചൈനയിൽ ആ സിനിമയിൽ അയാൾ പോയി കീഴടങ്ങേണ്ടിവന്നു. അവിടെ അവർ പൊലീസിനെ പറ്റിക്കാൻ സമ്മതിക്കില്ല. ആ സിനിമയുടെ ക്ലൈമാക്സിൽ ഞാനാണ് ചെയ്തതെന്ന് അയാൾ സമ്മതിച്ചു. ഭദ്രന്റെ സ്ഫടികം കണ്ടിട്ട് ചിലർ ആൾക്കാർ മുണ്ട അഴിച്ചിട്ടു, അവരെ പൊലീസ് പിടിച്ചെന്ന കഥ കേട്ടിട്ടുണ്ട്.'- മോഹൻലാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |