കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ പ്രതിസന്ധികളിൽ പ്രതികരിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാളികൾ കഥ അറിയാതെ ആട്ടം കാണുകയാണെന്നും സ്ത്രീകളുടെ നന്മയെ കരുതിയല്ല ഈ വിഷയം ഏറ്റുപിടിക്കുന്നതെന്നും സന്തോഷ് പണ്ഡിറ്റ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മലയാള സിനിമയിൽ മൂന്ന് തരം മാഫിയകളുണ്ടെന്നും അവർ തമ്മിലുള്ള യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
സന്തോഷ പണ്ഡിറ്റിന്റെ വാക്കുകളിലേക്ക്...
'ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമുള്ള ചർച്ചകളൊക്കെ കാണുമ്പോൾ എനിക്ക് മനസിലാവുന്നത് മലയാളികൾ കഥ അറിയാതെ ആട്ടം കാണുകയാണെന്നാണ്. ചുരുക്കിപ്പറഞ്ഞാൽ പെട്ടെന്നൊരു ദിവസം നടി ആക്രമിക്കപ്പെടുന്നു. അതിന്റെ പിന്നിൽ പ്രമുഖ നടന്മാരുണ്ടെന്ന് പറയുന്നു. അതിന് ശേഷം ഒരു സംഘടന രൂപീകരിക്കുന്നു. അവർ സർക്കാരിനെ സമീപിക്കുന്നു, സർക്കാർ ഒരു കമ്മിഷനെ വയ്ക്കുന്നു. ഇതൊക്കെയാണ് നമ്മൾ പുറത്തുനിന്ന് കാണുന്നത്.
ഈ കമ്മിഷൻ റിപ്പോർട്ട് നാലര വർഷത്തിന് ശേഷം പുറത്തുവിട്ടപ്പോൾ ചില പ്രമുഖ നടന്മാരുടെയും സംവിധായകരുടെയും പേരുകൾ ഒഴിവാക്കിയെന്ന് പറയുന്നു. പിന്നാലെയാണ് നടീ നടന്മാരുടെ പേരുകൾ ഒഴിവാക്കിയെന്ന് പറയുന്നു. ഇതിന് പിന്നാലെ ചില നടിമാർ ആരോപണവുമായി രംഗത്തെത്തുന്നു. അയാളൊക്കെ അങ്ങനെ ചെയ്തിട്ടുണ്ടാവുമെന്നാണ് പൊതുവിൽ ജനങ്ങൾ മനസിലാക്കുന്നത്. എന്നാൽ ഞാൻ പറയുന്നു, നിങ്ങൾ കഥ അറിയാതെ ആട്ടം കാണുകയാണ്.
മൂന്ന് തരം മാഫിയകളാണ് മലയാള സിനിമിലുള്ളത്. പെട്ടെന്നൊരു നടിയെ പീഡിപ്പിച്ചതല്ല. എന്തിന് ഇങ്ങനെ ചെയ്തു എന്നൊരു ചോദ്യമുണ്ടല്ലോ, അതറിയാൻ പിന്നിലേക്ക് പോകണം. തിരുവനന്തപുരം, എറണാകുളം, മട്ടാഞ്ചേരി. ഇതിൽ മട്ടാഞ്ചേരി 2014ൽ ഏറ്റവും ഒടുവിലായി രൂപീകൃതമായ മാഫിയകളിൽ ഒന്നാണ്. ഇതിൽ പ്രധാനപ്പെട്ട നടന്മാർ തമ്മിലുള്ള യുദ്ധം നേരത്തെ തന്നെയുണ്ട്. ഈ മാഫിയകൾ തമ്മിലുള്ള യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
മലയാള സിനിമയിലെ രണ്ട് പ്രധാന സിനിമ സംഘടനകളെ കൈക്കലാക്കാൻ മൂന്ന് മാഫിയകൾ ശ്രമം നടത്തുന്നുണ്ട്. അവർ ഇങ്ങനെ അവസരം കാത്ത് നിൽക്കുകയാണ്. അപ്പോഴാണ് ഈ സംഭവം ഉണ്ടാവുന്നത്. ഞാൻ ഒരു മുഖ്യമന്ത്രിയായിരുന്നെങ്കിൽ ഈ റിപ്പോർട്ട് പൂർണമായും പുറത്തുവിട്ടേനെ. ഇപ്പോൾ നടക്കുന്നത് ആണുങ്ങൾ തമ്മിലുള്ള പോരാട്ടമാണ്. പുറത്തുനിന്ന് നോക്കുമ്പോൾ ഇത് സ്ത്രീകളുടെ പോരാട്ടമാണ് തോന്നുകയാണ്.
നടി രാധിക ഉന്നയിച്ച ഒളിക്യാമറ വിഷയത്തിൽ സീരിയസായി നടപടി എടുക്കണം. സ്ത്രീകൾ എവിടെ പോയി വസ്ത്രം മാറും. അവർ പറഞ്ഞത് ശരിയാണെങ്കിൽ അതിൽ തീരുമാനം എടുക്കണം. സൂപ്പർ താരങ്ങൾ എന്ത് ചെയ്‌തെന്ന് ചോദിക്കുന്നവരോട്, ഒരു വർഷം മലയാളത്തിൽ 300 സിനിമകൾ ഇറങ്ങുന്നുണ്ട്. ഈ സിനിമയിൽ എന്തൊക്കെ നടക്കുന്നു എന്നത് ഇവരോട് ചോദിച്ചിട്ടാണോ, അവർ നിർമ്മിച്ചതോ അഭിനയിച്ചതോ ആയ സിനിമകളെക്കുറിച്ച് ചോദിക്കാം. മൊത്തം മലയാള സിനിമയെക്കുറിച്ച് അവർക്ക് പറയാൻ സാധിക്കുമോ?
മോഹൻലാൽ എന്ന നടനെ നേരിട്ട് ആക്രമിക്കുകയാണ്. മോഹൻലാൽ എന്ന നടന്റെ ഇമേജ് തകർക്കുകയാണ്. തുടക്കം മുതൽ ഈ നടനെതിരെയാണ് കൂരമ്പുകൾ കൂടുതൽ വന്നത്. ഒരു ബന്ധമില്ലാത്ത കേസിൽ പോലും അദ്ദേഹത്തിന്റെ ചിത്രമാണ് ഉപയോഗിക്കുന്നത്. എന്ത് ആവശ്യത്തിന് വേണ്ടിയാണ്. ഇന്ന് വരെ മോഹൻലാൽ എന്ന നടനെതിരെ ഒരു പെൺകുട്ടിയും നേരിട്ട് വന്നിട്ടില്ല. പക്ഷേ, ഓൺലൈൻ ചാനലിലൊക്കെ അദ്ദേഹത്തിന്റെ ഫോട്ടോ വച്ചു... എന്തിനാണ് ആ മനുഷ്യന്റെ ഫോട്ടോ വയ്ക്കുന്നത്'- സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |