വിദ്യാഭ്യാസത്തിനും ജോലിക്കും ഇനി യൂറോപ്പിലേക്ക് പറക്കാം; ഒരുങ്ങുന്നത് നിരവധി അവസരങ്ങള്‍
ന്യൂഡല്‍ഹി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ഒപ്പിട്ട മൊബിലിറ്റി കരാര്‍ യാഥാര്‍ത്ഥ്യമായി. കരാറിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും വന്‍ അവസരങ്ങളാണ് വന്ന് ചേരുക. യൂറോപ്യന്‍ യൂണിയനും ഇന്ത്യയും തമ്മില്‍ ഒപ്പിട്ട സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായാണ് മൊബിലിറ്റി കരാറും ഉള്‍പ്പെടുന്നത്. തൊഴില്‍, വിദ്യാഭ്യാസ അവശ്യങ്ങള്‍ക്കായി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്കാണ് കരാറിന്റെ ഭാഗമായി ഗുണം കിട്ടുക.
കരാറില്‍ പറയുന്ന ഒരു സുപ്രധാന വ്യവസ്ത അണ്‍ക്യാപ്ഡ് മൊബിലിറ്റി സംബന്ധിച്ചാണ്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ നിയന്ത്രണങ്ങളില്ലാതെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ യാത്ര ചെയ്യാം. ഇതിലൂടെ യൂണിയനില്‍ ഉള്‍പ്പെടുന്ന വിവിധ രാജ്യങ്ങളില്‍ തൊഴില്‍ തേടുന്നതിനും സ്വന്തമാക്കുന്നതിനും അവസരമൊരുങ്ങും.
ലോകത്തിലെ ഏറ്റവും വലിയ പബ്ലിക് റിസര്‍ച്ച് പ്രോഗ്രാമായ 'ഹൊറൈസണ്‍ യൂറോപ്പുമായി' സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ ഗവേഷകര്‍ക്ക് ഈ കരാര്‍ വഴി സാധിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലീന്‍ എനര്‍ജി തുടങ്ങിയ ആധുനിക സാങ്കേതിക മേഖലകളില്‍ ഇന്ത്യന്‍ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ഇതിലൂടെ യൂറോപ്പ് ലക്ഷ്യമിടുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ, പ്രൊഫഷണലുകള്‍ക്കും സീസണല്‍ തൊഴിലാളികള്‍ക്കും യൂറോപ്പിലെ തൊഴില്‍ വിപണിയില്‍ കൂടുതല്‍ എളുപ്പത്തില്‍ പ്രവേശിക്കാന്‍ സാധിക്കും. നടപടിക്രമങ്ങള്‍ ലളിതമാക്കിയതും തൊഴില്‍ പെര്‍മിറ്റുകള്‍ ലഭിക്കാനുള്ള എളുപ്പവും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഇന്ത്യക്കാരെ യൂറോപ്പിലേക്ക് ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.