കേരളത്തിൽ അധികാരം നഷ്ടമാകുന്നതോടെ ഇന്ത്യയിലെങ്ങും ഭരണമില്ലാത്ത പാർട്ടിയായി സിപിഎം
തിരുവനന്തപുരം: പത്തുവർഷത്തെ ഭരണത്തിനുശേഷം എൽഡിഎഫിന് കേരളത്തിൽ ഭരണം നഷ്ടപ്പെടുമെന്ന സൂചനയാണ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലഭിക്കുന്നത്. കേരളത്തിൽ ഭരണം നഷ്ടമാകുന്നതോടെ ഇന്ത്യയിലൊരിടത്തും അധികാരമില്ലാത്ത പാർട്ടിയായി സിപിഎം മാറും.
1977ന് ശേഷം രാജ്യത്ത് ഒരു സംസ്ഥാനത്തും കമ്മ്യൂണിസ്റ്റ് സർക്കാർ ഉണ്ടാകാതിരിക്കുന്നത് ഇതാദ്യമായിരിക്കും. 34 വർഷത്തെ ഭരണത്തിന് ശേഷം 2011ൽ ബംഗാളിൽ സിപിഎം പുറത്താക്കപ്പെട്ടു. 2018 ൽ ത്രിപുരയിലും അധികാരം നഷ്ടപ്പെട്ടു. ഇതോടെ ഇടതുപക്ഷം ഭരിക്കുന്ന ഏക സംസ്ഥാനമായി കേരളം മാറിയിരുന്നു.
ഭരണവിരുദ്ധ സമ്മർദ്ദങ്ങൾ, ബിജെപിയുടെ കടന്നുകയറ്റങ്ങൾ, ജാതി-സമുദായ സംഘടനകളിലേക്കുള്ള സിപിഎമ്മിന്റെ ഇടപെടൽ, വിഴിഞ്ഞം തുറമുഖം പോലെയുള്ള വലിയ സ്വകാര്യ മൂലധനങ്ങളുമായുള്ള പങ്കാളിത്തം, അഴിമതി ആരോപണങ്ങൾ തുടങ്ങിയവയാണ് സിപിഎമ്മിന് തിരിച്ചടിയായതെന്നാണ് പൊതു വിലയിരുത്തൽ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്നെ കേരളത്തിലെ മാറ്റം വ്യക്തമായിരുന്നു.
ബംഗാളിലെ പതനം
1977 മുതൽ 2011 വരെ പശ്ചിമ ബംഗാളിൽ ആധിപത്യം പുലർത്തിയിരുന്ന സിപിഎം ബംഗാളിൽ ഇന്ന് ചെറിയൊരു അംശം മാത്രമായി ചുരുങ്ങി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യത്തിൽ മത്സരിച്ചിട്ടും പാർട്ടിക്ക് 26 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. 2011ൽ ഇത് 40 സീറ്റായിരുന്നു.
തൃപുര
2018ൽ ത്രിപുരയിൽ സിപിഎമ്മിനേറ്റ പരാജയം ഇടതുപക്ഷത്തിന്റെ 25 വർഷത്തെ ഭരണത്തിന് വിരാമമിട്ടു. സംസ്ഥാനത്ത് രണ്ട് ശതമാനത്തിൽ താഴെ വോട്ട് വിഹിതമുണ്ടായിരുന്ന ബിജെപിയാണ് തുടർന്ന് അധികാരത്തിലെത്തിയത്. ഇടതുമുന്നണി 46 ശതമാനം വോട്ട് നേടിയിട്ടും തകർന്നു. ബിജെപി ശക്തമായ ഇടതുപക്ഷ വിരുദ്ധ തരംഗം സൃഷ്ടിച്ചതുകൊണ്ടാണ് ത്രിപുരയിൽ ഇടതുപക്ഷത്തിന് ഭരണം നഷ്ടമായതെന്നാണ് വിലയിരുത്തൽ.