SignIn
Kerala Kaumudi Online
Tuesday, 26 May 2026 3.56 AM IST

പ്രതിപക്ഷത്തെ നയിക്കാന്‍ 80 പിന്നിട്ട പിണറായി എത്തുമോ? സാദ്ധ്യത പട്ടികയില്‍ നാല് പേര്‍

cpm

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് സിപിഎമ്മും ഇടത് മുന്നണിയും നേരിട്ടിരിക്കുന്നത്. 98 സീറ്റുകളുണ്ടായിരുന്ന മുന്നണിക്ക് ഇപ്പോഴുള്ളത് വെറും 35 സീറ്റുകള്‍ മാത്രം. അതില്‍ വെറും മൂന്ന് പാര്‍ട്ടികള്‍ക്ക് മാത്രമാണ് നിയമസഭയില്‍ പ്രാതിനിധ്യമുള്ളത്. സിപിഎം 26, സിപിഐ 8, ആര്‍ജെഡി ഒന്ന് എന്നിങ്ങനെയാണ് ഇടത് മുന്നണിയുടെ അംഗബലം. കൂത്തുപറമ്പില്‍ ആര്‍ജെഡി വിജയിച്ചതൊഴിച്ചാല്‍ ബാക്കിയെല്ലാം സിപിഎം സിപിഐ അംഗങ്ങള്‍ മാത്രം.

നിയമസഭയില്‍ മികച്ച പ്രകടനം കാഴ്ചവച്ച നിരവധി നേതാക്കള്‍ തോല്‍വി വഴങ്ങിയ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുകയെന്നതാണ് സിപിഎമ്മിന് മുന്നിലുള്ള ആദ്യത്തെ വെല്ലുവിളി. മുഖ്യമന്ത്രിയായി തിരഞ്ഞെടുപ്പിനെ നേരിട്ട് വലിയ പരാജയത്തിന്റെ ഉത്തരവാദിത്തം പേറുന്ന പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകാനുള്ള സാദ്ധ്യത കുറവാണ്. പ്രായം 80 പിന്നിട്ട അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. ഈ സാഹചര്യത്തില്‍ മറ്റൊരു പേരിലേക്ക് എത്തുക സിപിഎമ്മിന് എളുപ്പമല്ല.

സഭയ്ക്കുള്ളില്‍ മൃഗീയ ഭൂരിപക്ഷമുള്ള യുഡിഫിനെ നേരിടാന്‍ എല്ലാംകൊണ്ടും മികച്ച നേതാവിനെ തിരഞ്ഞെടുക്കുകയെന്നത് ജയിച്ചവരുടെ പട്ടികയില്‍ നിന്ന് എളുപ്പവുമല്ല. പിണറായി അല്ലെങ്കില്‍ ബേപ്പൂരില്‍ നിന്ന് ജയിച്ച് വന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മുഹമ്മദ് റിയാസ് പരിഗണിക്കപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്. സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് പടിപടിയായി വളര്‍ന്ന് വന്നതെങ്കിലും മുഖ്യമന്ത്രിയുടെ മരുമകന്‍ എന്ന പ്രചാരണം റിയാസിന്റെ സാദ്ധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ ജയിച്ച് കയറിയ സജി ചെറിയാന്‍, കെഎന്‍ ബാലഗോപാല്‍ എന്നിവരാണ് സാദ്ധ്യത പട്ടികയില്‍ ഉള്ള മറ്റ് രണ്ട് പേരുകള്‍. സഭാ സമ്മേളനങ്ങളില്‍ പാര്‍ട്ടിയേയും മുന്നണിയേയും സജ്ജമാക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തവും തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയില്‍ നിന്നുള്ള തിരിച്ചുവരവും ലക്ഷ്യമിടുന്ന സിപിഎമ്മിന് മുന്നിലുള്ള ആദ്യ വെല്ലുവിളിയായി പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നത് മാറുമെന്നുറപ്പ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA ELECTIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA