'കേരളത്തിലെ രാഷ്‌ട്രീയ ചരിത്രത്തിൽ എൽഡിഎഫിനുണ്ടായ ഏറ്റവും വലിയ പരാജയം'; കനത്ത തിരിച്ചടിയെന്ന് സജി ചെറിയാൻ

Tuesday 05 May 2026 7:08 AM IST

തിരുവനന്തപുരം: പ്രതീക്ഷിച്ചതിലും അപ്പുറമുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായതെന്ന് മന്ത്രി സജി ചെറിയാൻ. 102 സീറ്റുകൾ നേടി യുഡിഎഫ് കേരളം പിടിച്ചപ്പോൾ ആകെ 35 സീറ്റുകൾ മാത്രമാണ് എൽഡിഎഫിന് നേടാനായത്. ഇതിന് പിന്നാലെയാണ് സജി ചെറിയാന്റെ പ്രതികരണം. ചെങ്ങന്നൂരിൽ പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സജി ചെറിയാൻ ജയിച്ചു.

'തിരിച്ചടി അംഗീകരിക്കുന്നു. തിരിച്ചടിക്ക് കാരണം ഗൗരവമായി പരിശോധിക്കും. സംഘടനാപരമായ ദൗർബല്യങ്ങൾ വന്നിട്ടുണ്ടാകാം. ഞങ്ങളെടുത്ത നിലപാടുകളിലെ കുറവുകൾ പരിശോധിക്കേണ്ടതുണ്ട്. ഭരണപരമായ കാര്യങ്ങളിലെ കുറവുകൾ തിരുത്തേണ്ടതുണ്ട്. കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തിൽ എൽഡിഎഫിനുണ്ടായ ഏറ്റവും വലിയ പരാജയമാണിത്.

എന്നാൽ ആരും അഹങ്കരിക്കേണ്ടതില്ല. കഴിഞ്ഞ തവണ 99 സീറ്റുകളിലാണ് ഞങ്ങൾ ജയിച്ചത്. ഇന്നിപ്പോൾ സന്തോഷിച്ചവർ അടുത്ത തവണ കരയേണ്ടിവരും. മാന്യമായും മര്യാദയ്ക്കും ജനഹിതമറിഞ്ഞും പ്രവർത്തിച്ചാൽ തിരിച്ചുവരാൻ കഴിയും. പാർട്ടി പ്രവർത്തകർക്ക് നിരാശയുണ്ടാകേണ്ടതില്ല'- സജി ചെറിയാൻ പറഞ്ഞു.

99 സീറ്റുകളിൽ നിന്ന് 35 എന്ന പരിതാപകരമായ സ്ഥിതിയിലേക്കാണ് എൽഡിഎഫ് പതിച്ചത്. മുഖ്യമന്ത്രി ഉൾപ്പെടെ മത്സരത്തിനിറങ്ങിയ 20 മന്ത്രിമാരിൽ 13 പേരും തോറ്റു. 40 സീറ്റുകളിലൊതുങ്ങിയ 2001-ലെ തിരഞ്ഞെടുപ്പിനു ശേഷം എൽഡിഎഫ് ഇത്രയും ചെറിയ സംഖ്യയിലേക്ക് നിലംപൊത്തുന്നത് ഇതാദ്യമാണ്. 41 സീറ്റെന്ന ദയനീയ അവസ്ഥയിൽ നിന്നാണ് വിസ്മയ നേട്ടത്തിലേക്ക് യുഡിഎഫ് കുതിച്ചത്. 1977നു ശേഷം യുഡിഎഫിനു ലഭിക്കുന്ന ഏറ്റവും മികച്ച വിജയമാണിത്.