അമർഷം പരസ്യമാക്കി യു. പ്രതിഭ: തോൽവിക്ക് കാരണം സംഘടനാ വീഴ്‌ച

Thursday 07 May 2026 2:25 AM IST

ആലപ്പുഴ: കായംകുളത്തെ തോൽവിക്ക് കാരണം സംഘടനാ വീഴ്ചയാണെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി യു. പ്രതിഭ ആരോപിച്ചു. ഇതോടെ പാർട്ടിയിലെ പടലപ്പിണക്കം മറനീക്കി പുറത്തുവന്നു. പാർട്ടികേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞെന്നും പ്രതിഭ മാദ്ധ്യമങ്ങളോട് പറഞ്ഞു.

പത്തിയൂരിലും ചെട്ടികുളങ്ങരയിലും ഭൂരിപക്ഷം കുറഞ്ഞത് അമ്പരപ്പുണ്ടാക്കി. ശ്രീനാരായണീയ വിശ്വാസിയായിട്ടും ഈഴവ വോട്ടുകളിൽ ചോർച്ചയുണ്ടായി. കേരളത്തിലുടനീളമുണ്ടായ തോൽവിയുടെ പ്രതിഫലനമാണ് കായംകുളത്തുമുണ്ടായത്. എന്നാൽ ഇവിടെ ബോധപൂർവമായ ചില ഇടപെടലുകളുണ്ടായി. ഇത് നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ന്യൂനപക്ഷ വോട്ടുകളിലും വിള്ളലുണ്ടായി. തന്നെ തോൽപ്പിക്കാൻ വ്യക്തമായ പദ്ധതിയുണ്ടായിരുന്നുവെന്നും പ്രതിഭ ആരോപിച്ചു.

 ആരോപണം അസംബന്ധമെന്ന് ആർ. നാസർ

യു. പ്രതിഭയുടെ ആരോപണങ്ങൾ അസംബന്ധമാണെന്ന് സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു. കായംകുളത്ത്​ സഖാക്കൾ നല്ല രീതിയിൽ പണിയെടുത്തിട്ടുണ്ട്​. ലോക്സഭയിൽ മൂന്നാംസ്ഥാനത്ത് പോയപ്പോഴും പ്രതിഭ തന്നെയായിരുന്നില്ലേ എം.എൽ.എ. അതിന്റെ ഉത്തരവാദിത്വം പ്രതിഭയ്‌ക്കല്ലേയെന്നും നാസർ ചോദിച്ചു. ഈഴവ വോട്ടുകൾ നഷ്ടമായത് എന്തുകൊ​ണ്ടാണെന്ന്​ പ്രതിഭ ആലോചിക്കണം. ഈഴവ വോട്ട് നേടിയാണ് രണ്ടുതവണ അവർ ജയിച്ചതെന്നും നാസർ കൂട്ടിച്ചേർത്തു.