പൊട്ടലും ചീറ്റലുമില്ലാതെ മന്ത്രിസഭാ നിർണ്ണയം
തിരുവനന്തപുരം: മന്ത്രിമാരെ നിശ്ചയിക്കുന്നതിൽ മുൻകാലങ്ങളിലുണ്ടായിരുന്ന പൊട്ടലും ചീറ്റലുമില്ലാതെ തീരുമാനത്തിലെത്താൻ കഴിഞ്ഞതാണ് ടീം യു.ഡി.എഫിന്റെ മികവ്. പല വിധ ആശങ്കകളും ഉരുത്തിരിഞ്ഞെങ്കിലും ഒന്നര ദിവസം കൊണ്ടാണ് കാര്യങ്ങൾ ഒരു കരയിലെത്തിക്കാനായത്.
മുഖ്യമന്ത്രിയെ നിശ്ചയിച്ചതിന് തൊട്ടു പിന്നാലെ മന്ത്രിമാരെ തീരുമാനിക്കാനുള്ള ചർച്ചകൾ ശനിയാഴ്ച രാവിലെ മുതൽ കന്റോൺമെന്റ് ഹൗസ്, കെ.പി.സി.സി ആസ്ഥാനം എന്നിവിടങ്ങളിലായി നടന്നിരുന്നു. കെ.സി വേണുഗോപാലിന്റെ പിന്തുണ ലഭിച്ചെങ്കിലും ,വി.ഡി.സതീശന്റെ മെയ് വഴക്കവും നയതന്ത്രത്തിലെ കൈയ്യടക്കവും ഫലം കണ്ടു.. ആശിച്ച മുഖ്യമന്ത്രി പദം കിട്ടാതെ പോയതിൽ ഇടഞ്ഞു നിന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിച്ച് കൂടെ കൂട്ടാൻ കഴിഞ്ഞതാണ് ആദ്യ വിജയം. മുഖ്യമന്ത്രി കൈവശം വയ്ക്കുമെന്ന് കരുതിയ ആഭ്യന്തര വകുപ്പ് ഒരു വിമ്മിട്ടവുമില്ലാതെ ചെന്നിത്തലയ്ക്ക് വിട്ടു കൊടുത്തു.
കോൺഗ്രസിലെ മന്ത്രിമാരെ നിശ്ചയിക്കലായിരുന്നു അടുത്ത കടമ്പ. സാമുദായിക സമവാക്യമുൾപ്പെടെ പലവിധ പരിഗണനകൾ വേണം.. ചാണ്ടി ഉമ്മൻ, വി.ടി.ബൽറാം, എൻ.ശക്തൻ, എം.വിൻസെന്റ് തുടങ്ങിയ പേരുകൾ പല ഘട്ടങ്ങളിലായി വരുകയും പോവുകയും ചെയ്തു. സണ്ണി ജോസഫ്, ദീപാ ദാസ് മുൻഷി എന്നിവരും ചർച്ചകളുടെ ഭാഗമായി.പല സമുദായ, സംഘടനാ നേതാക്കളും തങ്ങളുടെ പ്രാതിനിധ്യമോർമ്മിപ്പിച്ച് കന്റോൺമെന്റിലും ഇന്ദിരാ ഭവനിലും എത്തിക്കൊണ്ടിരുന്നു. എല്ലാവരോടും സമചിത്തതയോടെ സംസാരിച്ച സതീശൻ, കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി.
ഘടകകക്ഷികളുമായുള്ള വകുപ്പ് ചർച്ചകളും ഇതിന് സമാനമായി നടത്തി. ലോക് ഭവനിൽ പോയി ഗവർണർക്ക് നിയുക്ത മന്ത്രിമാരുടെ പട്ടിക കൈമാറി .തിരിച്ചെത്തി വാർത്താ സമ്മേളനത്തിൽ സതീശൻ പേരുകൾ പറഞ്ഞപ്പോഴാണ് റോജി എം.ജോൺ, ഒ.ജെ ജനീഷ്, കെ.എ.തുളസി തുടങ്ങിയവർ പട്ടികയിൽ ഇടം പിടിച്ച കാര്യം പുറത്തറിഞ്ഞത്.
വേദിയിൽ നേതാക്കളുടെ ചിത്രം വിലക്കി മുഖ്യമന്ത്രി
സത്യപ്രതിജ്ഞാ വേദിയിൽ ഇത്തവണ ആരുടെയും ചിത്രമില്ല. മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് വേദിയിൽ മുഖ്യമന്ത്രിയുടെയും മറ്റ് നേതാക്കന്മാരുടെയും ചിത്രം ഒഴിവാക്കിയത്. ഷിഫോൺ യെല്ലോ നിറത്തിലുള്ള പശ്ചാത്തലത്തിൽ 'വി.ഡി സതീശൻ നയിക്കുന്ന മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് 'എന്ന് ഇംഗ്ലീഷിലും മലയാളത്തിലും എഴുത്തിനൊപ്പം തീയതിയും സർക്കാർ ചിഹ്നവും മാത്രമാണ് എൽ.ഇ.ഡി വാളിൽ പ്രദർശിപ്പിച്ചത്.