ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കും; ജനങ്ങളുടെ പൾസ് തിരിച്ചറിയുന്നതാണ് യഥാർത്ഥ രാഷ്ട്രീയമെന്ന് വി എസിന്റെ മകൻ
തിരുവനന്തപുരം: പ്രസ്ഥാനങ്ങൾ സാധാരണക്കാരന്റെ നീതിക്കും അഴിമതിക്കെതിരായ പോരാട്ടങ്ങൾക്കും പ്രാധാന്യം നൽകുന്ന പഴയ കരുത്തിലേയ്ക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകനും ഐഎച്ച്‌ആർഡി ഡയറക്ടറുമായ വി എ അരുൺ കുമാർ. തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ദയനീയ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് പ്രതികരണം. ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കുമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവുമെല്ലാം വ്യക്തിപരമായി എന്നെ എവിടെയൊക്കെയോ സ്പർശിക്കുകയാണ്. അച്ഛന്റെ സാന്നിദ്ധ്യമില്ലാത്ത ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ഓരോ രാഷ്ട്രീയ ചലനങ്ങളെയും ജനപക്ഷത്തുനിന്ന് വിശകലനം ചെയ്തിരുന്ന അദ്ദേഹത്തിന്റെ ആ ശബ്ദം ഇന്ന് എനിക്കും ഈ നാടിനും ഒരുപോലെ നഷ്ടമാണ്.
അച്ഛൻ എന്നും വിശ്വസിച്ചിരുന്നത് ജനങ്ങളുടെ പൾസ് തിരിച്ചറിയുന്നതാണ് യഥാർത്ഥ രാഷ്ട്രീയമെന്നാണ്. അദ്ദേഹം ആൾക്കൂട്ടങ്ങളിൽ ആവേശം കണ്ടെത്തിയിരുന്നു എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. ആദർശങ്ങളിൽ നിന്നുള്ള നേരിയ വ്യതിചലനം പോലും ജനങ്ങൾ എത്രത്തോളം ഗൗരവമായി കാണുമെന്ന് അച്ഛന് നല്ല ബോദ്ധ്യമുണ്ടായിരുന്നു.
പ്രസ്ഥാനങ്ങൾ അവയുടെ വേരുകളിലേക്ക്, അതായത് സാധാരണക്കാരന്റെ നീതിക്കും പരിസ്ഥിതിക്കും അഴിമതിക്കെതിരായ പോരാട്ടങ്ങൾക്കും പ്രാധാന്യം നൽകുന്ന ആ പഴയ കരുത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കും.