'വിഡി സതീശൻ നിങ്ങളെ പറ്റിച്ചു, ആ നിയമങ്ങൾ കേന്ദ്രത്തിന്റേത്': അഖിൽ മാരാർ

Monday 18 May 2026 12:43 PM IST

തിരുവനന്തപുരം: വാഹനങ്ങളുടെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി വി ഡി സതീശന്റെ വാഗ്ദാനം പൊള്ളത്തരമെന്ന് ബിഗ് ബോസ് വിജയിയും എന്‍ഡിഎയുടെ തൃക്കാക്കര സ്ഥാനാര്‍ത്ഥിയുമായിരുന്ന അഖില്‍ മാരാര്‍. മോട്ടോര്‍ വാഹന മോഡിഫിക്കേഷന്‍ നിയമങ്ങള്‍ കേന്ദ്രത്തിന്റേത് ആണെന്ന് ചൂണ്ടികാട്ടിയ അദ്ദേഹം സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാകില്ലെന്നും വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അഖിലിന്റെ പ്രതികരണം.

മോട്ടോര്‍ വാഹന മോഡിഫിക്കേഷന്‍ സംബന്ധിച്ച് സുപ്രീം കോടതി വിധികളുണ്ട്. നിയമം മാറ്റാന്‍ പറ്റില്ല എന്ന് സതീശന് അറിയാമെന്നും അധികാരത്തില്‍ എത്താന്‍ എല്ലാവരേയും പറ്റിക്കുകയായിരുന്നുവെന്നും അഖിൽ മാരാർ കുറ്റപ്പെടുത്തി. ആ ഐഡിയ രമേശ് ചെന്നിത്തലയോട് പറഞ്ഞിരുന്നുതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അഖില്‍ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വണ്ടി പ്രാന്തന്‍മാര്‍ക്ക് സന്തോഷം നല്‍കുന്ന കാര്യം നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞത് കേട്ട് റീല്‍ ആക്കി ആഘോഷിക്കാന്‍ വരട്ടെ. നിങ്ങള്‍ ചിന്തിക്കുന്നതിനേക്കാള്‍ ഒരു വണ്ടി പ്രാന്തന്‍ ആയിരുന്നു ഞാന്‍. ആദ്യം കാണുന്ന ചിത്രം 2015 ലെ ആണ്. വല്ലവന്റെയും വണ്ടിയില്‍ കയറി ഫോട്ടോ എടുത്തതല്ല. ഏതാണ്ട് 8 മാസം എടുത്തു ഞാന്‍ ഡിസൈന്‍ ചെയ്തു പണിഞ്ഞെടുത്ത എന്റെ ജീപ്പ്.

ഈ ജീപ്പ് കൊണ്ട് റോഡിലിറങ്ങി മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരുമായി ഒരുപാട് വഴക്ക് ഉണ്ടാക്കി നടന്ന അന്നത്തെ 27 വയസുകാരന്റെ അതെ മനസ് ആണ് ഇപ്പോഴും. പക്ഷെ കുടുംബത്തിന്റെ ഉത്തരവാദിത്വം ആഗ്രഹങ്ങളെക്കാള്‍ വലുതാണല്ലോ അത് കൊണ്ട് ഞാന്‍ എന്നിലെ പ്രാന്തനെ ചങ്ങലയില്‍ ഇട്ട് കെട്ടി. ഇനി ഞാന്‍ പറയുന്നത് കേള്‍ക്കുക. മുഖ്യമന്ത്രിക്ക് ഈ വിഷയത്തില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല.

മോട്ടോര്‍ വാഹന മോഡിഫിക്കേഷന്‍ നിയമങ്ങള്‍ കേന്ദ്രത്തിന്റെ ആണ്. അതില്‍ സുപ്രീം കോടതിയുടെ വിധികളും ഉണ്ട്. ഇതിനെ മറികടന്ന് നിയമം മാറ്റാന്‍ പറ്റില്ല എന്ന് വി ഡി സതീശന് അറിയാത്തത് കൊണ്ടല്ല അധികാരത്തില്‍ എത്താന്‍ നിങ്ങളെ പറ്റിച്ചു എന്ന് മാത്രം. കാരണം ഈ ഐഡിയ ശ്രീ രമേശ് ചെന്നിത്തലയോട് ഞാന്‍ ആദ്യം പറഞ്ഞിരുന്നു. ആരെയും പറ്റിച്ചു അധികാരത്തില്‍ എത്താന്‍ ആഗ്രഹം ഇല്ലാതിരുന്നത് കൊണ്ട് അദ്ദേഹം അതിന്റെ നിയമ വശങ്ങള്‍ എന്നോട് പറഞ്ഞു. ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന പ്രതീക്ഷയില്‍ ഞാന്‍ ഇക്കാര്യം നിങ്ങളെ അറിയിക്കുന്നു.