കോഴിക്കോട് ഒരാൾക്കുകൂടി അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചു, രോഗം ബാധിച്ചത് 19കാരന്
കോഴിക്കോട്: അമീബിക് മസ്‌തിഷ്‌കജ്വര ബാധയേറ്റ് ഒരാളെക്കൂടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫറോക്ക് സ്വദേശിയായ 19കാരനാണ് രോഗബാധയേറ്റത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.
യുവാവിന് ആലപ്പുഴയിൽ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് വിവരം. യുവാവ് ആലപ്പുഴയിൽ ജോലി ചെയ്തിരുന്നു. കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്.
ഒരാഴ്‌ചയ്ക്കിടെ കോഴിക്കോട്ട് രണ്ടുപേർക്കാണ് അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കോട്ടൂർ സ്വദേശിയാണ് കുട്ടി. കൂട്ടുകാർക്കൊപ്പം കനാലിൽ കുളിച്ചിരുന്നു. ഇവിടെ നിന്നാകാം രോഗം പിടിപെട്ടതെന്നാണ് നിഗമനം.
തലവേദനയും കടുത്ത പനിയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി ഭേദമാകാതെ വന്നതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധനയ്‌ക്ക് വിധേയനാക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് ഡോക്‌ടർമാർ അറിയിച്ചത്.
രോഗം പിടിപെട്ടത് കനാലിലെ വെള്ളത്തിൽ നിന്ന് തന്നെയാണോയെന്ന് സ്ഥിരീകരിക്കാനായി ആരോഗ്യവകുപ്പ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കുട്ടി കുളിച്ച കക്കോടി ബ്രാഞ്ച് കനാലിലെ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാ ഫലം വന്നാൽ മാത്രമേ ഉറവിടത്തെക്കുറിച്ച് വ്യക്തത വരികയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.