വെർച്വൽ അറസ്റ്റ്, ട്രേഡിംഗ് തട്ടിപ്പ്: മുഖ്യപ്രതികൾ പിടിയിൽ
കൊച്ചി: വെർച്വൽ അറസ്റ്റിലൂടെ ആറു കോടി രൂപയും ട്രേഡിംഗ് തട്ടിപ്പിലൂടെ 38 ലക്ഷം രൂപയും കവർന്ന കേസുകളിലെ മുഖ്യപ്രതികളെ ഹൈദരാബാദിൽ നിന്ന് കൊച്ചിസിറ്റി സൈബർപൊലീസ് അറസ്റ്റു ചെയ്തു. വെർച്വൽ അറസ്റ്റ് കേസിൽ ഹൈദരാബാദ് ജീഡിമെറ്റ്‌ല സ്വദേശിയും ശാന്തൻ ആർട്‌സ് ആൻഡ് പ്രിന്റേഴ്‌സ് ഉടമയുമായ നിരഞ്ജൻ ചൗധരി (40), ട്രേഡിംഗ് തട്ടിപ്പ് കേസിൽ സബ്‌സാ കോളനി സ്വദേശി സയ്യിദ് ഹസൻ അലി (39) എന്നിവരാണ് പിടിയിലായത്. പത്തുദിവസമായി ഹൈദരാബാദിൽ നടത്തിയ സമാന്തര സൈബർ ഓപ്പറേഷനിലൂടെയാണ് പ്രതികളെ വലയിലാക്കിയത്.കംബോഡിയ ആസ്ഥാനമായ സൈബർതട്ടിപ്പ് സംഘങ്ങളുമായി നിരഞ്ജൻ ചൗധരിക്ക് അടുത്ത ബന്ധമുണ്ട്. സയ്യിദ് ഹസൻ അലി ദുബായ് കേന്ദ്രീകരിച്ചുള്ള സൈബർതട്ടിപ്പ് ശൃംഖലയിലെ കണ്ണിയാണ്. ഇയാൾക്കെതിരെ രാജ്യവ്യാപകമായി 31 സൈബർ പരാതികൾ നിലവിലുണ്ട്. 2.71 കോടിരൂപ പ്രതിയുടെ ബാങ്ക് അക്കൗണ്ടിൽ ഫ്രീസ് ചെയ്തിട്ടുള്ളതായും കണ്ടെത്തി. എറണാകുളം സ്വദേശിയായ 77കാരനെ വെർച്വൽ അറസ്റ്റ് ഭീഷണിയിൽപ്പെടുത്തിയാണ് ആറു കോടിരൂപ തട്ടിയെടുത്തത്. ഇതിൽ മൂന്ന് കോടിരൂപ നിരഞ്ജൻ ചൗധരിയുടെ അക്കൗണ്ടിലാണെത്തിയത്. ഈ തുക വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി പിൻവലിച്ച് കംബോഡിയയിലെ സംഘത്തിന് കൈമാറി.
11 അംഗ പ്രത്യേക അന്വേഷണസംഘം ഹൈദരാബാദിലേക്ക് തിരിക്കാൻ ഒരുങ്ങവെയാണ് കൊച്ചിയിലെ ഡോക്ടറുടെ 38ലക്ഷംരൂപ നഷ്ടപ്പെട്ട കേസിലെ പ്രതിയും അവിടെയുണ്ടെന്ന് തിരിച്ചറിഞ്ഞത്. പ്രതികൾ തമ്മിൽ പരസ്പരം ബന്ധമില്ലെങ്കിലും അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങളുടെ കണ്ണികളാണ്. ഹൈദരാബാദ് പൊലീസിന്റെ സഹായത്തോടെ ആദ്യം നിരഞ്ജൻ ചൗധരിയെയും പിന്നാലെ സയ്യിദിനെയും പിടികൂടി. കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങിയാണ് ഇവരെ കൊച്ചിയിലെത്തിച്ചത്.കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ്‌കുമാറിന്റെ നിർദ്ദേശാനുസരണം ഡി.സി.പി ഷാഹിൻഷയുടെ മേൽനോട്ടത്തിൽ സൈബർ ക്രൈം എ.സി.പി അനിൽകുമാർ, ഇൻസ്‌പെക്ടർ ഷമീർഖാൻ, എ.എസ്.ഐ ശ്യാം, എസ്.സി.പി.ഒമാരായ അജിത് രാജ്, അരുൺ, കെ.ആർ. അനീഷ്, നിഖിൽ, അജിത് ബാലചന്ദ്രൻ, സി.പി.ഒമാരായ ബിന്ദോഷ്, ആൽഫിറ്റ് ആൻഡ്രൂസ്, ഷറഫുദ്ദീൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.