ചികിത്സാപ്പിഴവ് ആരോപണം തള്ളി ഡോക്ടർ; കുട്ടി മരിച്ച സംഭവത്തിൽ വിശദീകരണവുമായി ആശുപത്രി

Monday 23 February 2026 10:00 AM IST

തിരുവനന്തപുരം: ശ്വാസംമുട്ടലിനെത്തുടർന്ന് രണ്ടര വയസുകാരി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി കാട്ടാക്കടയിലെ മമൽ ആശുപത്രിയിലെ ഡോക്ടർ. കുത്തിവയ്പ്പ് എടുത്തതിനെത്തുടർന്നാണ് കുട്ടിയുടെ നില വഷളായതെന്ന ബന്ധുക്കളുടെ ആരോപണമാണ് ഡോക്ടർ അരുൺ വാര്യർ നിഷേധിച്ചത്. കാട്ടാക്കട ചക്കിപ്പാറ സ്വദേശി സിദ്ദിഖിന്റെ മകൾ രണ്ടരവയസുകാരി ഐഷ ഫാത്തിമയാണ് മരിച്ചത്.

ഇരട്ടകുഞ്ഞുങ്ങളിൽ ഒരാളാണ് ആയിഷ. ശ്വാസംമുട്ടലും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ശ്വാസതടസത്തിന് ആവി പിടിച്ച ശേഷം കുട്ടിക്ക് രണ്ട് കുത്തിവയ്പ്പ് എടുത്തു. ഇതിന് പിന്നാലെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. കുട്ടിയെ ആംബുലൻസിൽ ഉടൻ നെയ്യാർ മെഡിസിറ്റിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

'ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ കുട്ടിക്ക് കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെട്ടിരുന്നു. ആരോഗ്യനില വഷളായ സാഹചര്യത്തിലാണ് ജീവൻ രക്ഷിക്കാനുള്ള മുൻകരുതൽ എന്ന നിലയിൽ അഡ്രിനാലിൻ നൽകിയത്. കുട്ടിയെ നെയ്യാർ മെഡിസിറ്റിയിലേക്ക് മാറ്റിയപ്പോഴും നേരിയ പൾസ് ഉണ്ടായിരുന്നു'. ഡോക്ടർ അരുൺവാര്യർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയതെന്ന ഉറച്ച നിലപാടിലാണ് കുടുംബം.

സംഭവത്തിൽ മമൽ ആശുപത്രിക്കെതിരെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പോസ്റ്റുമോർട്ടം കഴിഞ്ഞശേഷമേ കുട്ടി എങ്ങനെ മരണപ്പെട്ടുവെന്ന കാര്യത്തെക്കുറിച്ച് സ്ഥിരീകരണമുണ്ടാവുകയുള്ളു. പൊലീസ് ആയിഷയുടെ പിതാവിന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.