സിദ്ധാർത്ഥൻ കേസിലെ സി.ബി.ഐ അന്വേഷണം എൽ.ഡി.ഫിന് പിടി വള്ളി
തിരുവനന്തപുരം: ഒന്നാം റൗണ്ട് പ്രചാരണവും മണ്ഡലം കൺവെൻഷനുകളും പൂർത്തിയാക്കി എൽ.ഡി.എഫ്. 'പത്മജ ഇഫക്ട്" സൃഷ്ടിച്ച അങ്കലാപ്പിൽ ട്വിസ്റ്റും സർപ്രൈസും നിറഞ്ഞ സ്ഥാനാർത്ഥിപ്പട്ടികയുമായി ഓടിയെത്താൻ യു.ഡി.എഫ്. വൻ തോക്കുകളെയും അണിനിരത്തി അക്കൗണ്ട് തുറക്കുമെന്ന പ്രതിജ്ഞയുമായി എൻ.ഡി.എ. ഈയാഴ്ച വരുമെന്ന് കരുതുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പേ സംസ്ഥാനത്തെ പോർക്കളങ്ങൾ തിളച്ചുതുടങ്ങി. ബി.ജെ.പിയുടെ നാലും ബി.ഡി.ജെ.എസിന്റെ രണ്ടും സീറ്റിലെ സ്ഥാനാർത്ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.
20 സീറ്റിലെയും സാരഥികളെ ഒന്നരയാഴ്ച മുമ്പ് പ്രഖ്യാപിച്ച് കളത്തിലിറങ്ങിയ എൽ.ഡി.എഫ് പ്രചാരണത്തിൽ എതിരാളികളെക്കാൾ ഒരു കാതം മുന്നിലാണ്. സ്ഥാനാർത്ഥികളുടെ ആദ്യ റൗണ്ട് ഓട്ട പ്രദക്ഷിണം കഴിഞ്ഞു. ആരെയും വെല്ലാൻ പോന്ന 'കിടിലൻ" സ്ഥാനാർത്ഥി പട്ടികയും പ്ളസ് പോയിന്റാണ്. എന്നാൽ, സാമൂഹ്യ പെൻഷൻ കുടിശ്ശികയും സിദ്ധാർത്ഥൻ വിഷയവുമൊക്കെ വിശദീകരിക്കാൻ വിയർപ്പൊഴുക്കേണ്ടി വരും. അതേസമയം സിദ്ധാർത്ഥൻ കേസിൽ കുടുംബത്തിന്റെ അപേക്ഷ മാനിച്ച് അന്വേഷണം കൈയോടെ സി.ബി.ഐയ്ക്ക് വിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ കാട്ടിയ ആർജ്ജവം എൽ.ഡി.എഫിന് പിടിവള്ളിയാണ്. പ്രതിപക്ഷ ആക്രമണങ്ങളുടെ മുനയൊടിക്കുന്നതും.
'കുലുക്ക"മില്ലാതെ
യു.ഡി.എഫ്
'ലേറ്റായി വന്നാലും ലേറ്റസ്റ്റായി വന്നതിന്റെ" ആത്മവിശ്വാസമാണ് യു.ഡി.എഫ് പ്രകടിപ്പിക്കുന്നത്. പോരാളികളിൽ മിക്കവരെയും നേരത്തേ ഉറപ്പിക്കുകയും അവർ സിറ്റിംഗ് മണ്ഡലങ്ങളിൽ സജീവമാവുകയും ചെയ്തു. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതിനാൽ ആദ്യ റൗണ്ടിൽ ഓടിയെത്താൻ കഴിഞ്ഞില്ല. ഇനിയുള്ള ഓട്ടത്തിനു വേഗത കൂട്ടും. കോൺഗ്രസ് മത്സരിക്കുന്ന 16 സീറ്റുകളിൽ 13ലും സിറ്റിംഗ് എം.പിമാരാണ്. വയനാട്ടിലും ആലപ്പുഴയിലും രാഹുൽ ഗാന്ധിയെയും കെ.സി.വേണുഗോപാലിനെയും കൂടി കളത്തിലിറക്കിയതോടെ 20×20 മാച്ച് ജയിച്ച ആവേശത്തിലാണ് യു.ഡി.എഫ്. അപ്പോഴും തൃശൃരിലെയും വടകരയിലെയും അവസാന നിമിഷത്തെ തലമാറ്റവും ടി.എൻ.പ്രതാപനെ പാതി വഴിക്ക് ഇറക്കിവിട്ടതും പദ്മജയുടെ എതിർ പ്രചാരണവും വോട്ടെടുപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്ന ആശങ്ക യു.ഡി.എഫിനെ വേട്ടയാടുന്നു. ഒപ്പം എതിർ പക്ഷം കോൺഗ്രസിനെതിരെ ഉയർത്തുന്ന 'വിശ്വാസ്യതാ പ്രശ്നവും".
എൻ.ഡി.എയുടെ
വാഗ്ദാന പെരുമഴ
തിരുവനന്തപുരത്തും ആറ്റിങ്ങലും കേന്ദ്രമന്ത്രിമാരെ ഇറക്കി പരീക്ഷിക്കുന്ന ബി.ജെ.പി തങ്ങളുടെ മറ്റ് എ പ്ളസ് സീറ്റുകളായ തൃശൂരിലും പാലക്കാട്ടും പത്തനംതിട്ടയിലും ഉൾപ്പെടെ പാർട്ടി സ്ഥാനാർത്ഥികൾ ജയിച്ചാലും കേന്ദ്ര മന്ത്രിമാരാക്കുമെന്ന വാഗ്ദാനമാണ് നൽകുന്നത്. കേരളത്തിൽ വികസന പെരുമഴ സൃഷ്ടിക്കുമെന്നും. പ്രധാനമന്ത്രി നരേന്ദ്രമോദി 17ന് വീണ്ടും പ്രചാരണത്തിനെത്തുന്നതും അണികൾക്ക് ആവേശം പകരുന്നു. അഞ്ചു സീറ്റെങ്കിലും പിടിക്കുമെന്ന് നേതാക്കൾ അവകാശപ്പെടുമ്പോൾ, ഇത് കേരളമാണെന്നാണ് എതിരാളികളുടെ ഓർമ്മപ്പെടുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |