
കൊല്ലം: തുടർഭരണം നിലനിറുത്താൻ എൽ.ഡി.എഫും ഭരണം പിടിച്ചെടുക്കാൻ യു.ഡി.എഫും അക്കൗണ്ട് തുറക്കാൻ എൻ.ഡി.എയും കൊല്ലത്ത് കരുനീക്കം തുടങ്ങി. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്ത് യു.ഡി.എഫ് അനുകൂല തരംഗമുണ്ടാകുമ്പോഴും ഇടതിനൊപ്പം നിൽക്കുന്ന ജില്ലയായിരുന്നു കൊല്ലം. എന്നാൽ ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ യു.ഡി.എഫ് ട്രെൻഡിനൊപ്പം കൊല്ലവും ചേർന്നു.
2021ൽ 11 സീറ്റുകളിൽ ഒൻപതും എൽ.ഡി.എഫിനായിരുന്നു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിൽ യു.ഡി.എഫ് മേൽക്കൈ നേടി. അതുകൊണ്ട് തന്നെ നിയമസഭാ സ്ഥാനാർത്ഥികളെ സംബന്ധിച്ച് സി.പി.എം, സി.പി.ഐ നേതാക്കൾ മുൻകൂട്ടി ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ കൊട്ടാരക്കരയിലും ജെ.ചിഞ്ചുറാണി ചടയമംഗലത്തും കെ.ബി.ഗണേശ്‌കുമാർ പത്തനാപുരത്തും വീണ്ടും മത്സരിക്കും. കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോനെ എൽ.ഡി.എഫ് സ്വതന്ത്രനായി വീണ്ടും മത്സരിപ്പിച്ചേക്കും.
രണ്ട് ടേം നിബന്ധനയിൽ ഇളവ് നൽകി ഇരവിപുരത്ത് എം.നൗഷാദിനും ചവറയിൽ ഡോ. സുജിത്ത് വിജയൻപിള്ളയ്ക്കും സി.പി.എം വീണ്ടും സീറ്റ് നൽകുമെന്നാണ് സൂചന. എന്നാൽ കൊല്ലത്ത് എം.മുകേഷിന് പകരം സി.പി.എം ജില്ലാ ആക്ടിംഗ് സെക്രട്ടറി എസ്.ജയമോഹനെ കളത്തിലിറക്കിയേക്കും.കെ.എസ്.എഫ്.ഇ ചെയർമാൻ വരദരാജന്റെ പേരും പരിഗണനയിലുണ്ട്. കഴിഞ്ഞ തവണ നഷ്ടമായ കുണ്ടറയിൽ സി.പി.എമ്മും കരുനാഗപ്പള്ളിയിൽ സി.പി.ഐയും പുതുമുഖങ്ങളെ പരീക്ഷിക്കും. പുനലൂരിൽ പി.എസ്.സുപാലിനും ചാത്തന്നൂരിൽ ജി.എസ്.ജയലാലിനും ടേം വ്യവസ്ഥയിൽ ഇളവ് നൽകാൻ സി.പി.ഐയിൽ ആലോചനയുണ്ട്.
യു.ഡി.എഫിന്റെ സിറ്റിംഗ് എം.എൽ.എമാരായ പി.സി.വിഷ്ണുനാഥ് കുണ്ടറയിലും സി.ആർ.മഹേഷ് കരുനാഗപ്പള്ളിയിലും വീണ്ടും ജനവിധി തേടും. ഷിബു ബേബിജോണിനെ ചവറയിലും കുന്നത്തൂരിൽ ഉല്ലാസ് കോവൂരിനെയും വീണ്ടും കളത്തിലിറക്കാൻ ആർ.എസ്.പിയിൽ ധാരണയായി. കൊല്ലത്ത് ബിന്ദുകൃഷ്ണയും പത്തനാപുരത്ത് ജ്യോതികുമാർ ചാമക്കാലയും ചടയമംഗലത്ത് എം.എം.നസീറും വീണ്ടും മത്സരിക്കാനാണ് സാദ്ധ്യത.
കഴിഞ്ഞ രണ്ടുതവണ രണ്ടാം സ്ഥാനത്ത് എത്തിയ ചാത്തന്നൂരിൽ ഇത്തവണ അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. ഇവിടെ ബി.ജെ.പി ദക്ഷിണ മേഖലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ മൂന്നാമതും സ്ഥാനാർത്ഥിയാകും. കൊല്ലത്ത് സംസ്ഥാന വക്താവ് കേണൽ എസ്.ഡിന്നിയും സ്ഥാനാർത്ഥിയായേക്കും.
2021ലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം
(മണ്ഡലം, എം.എൽ.എ, ഭൂരിപക്ഷം)
കരുനാഗപ്പള്ളി-സി.ആർ. മഹേഷ് (യു.ഡി.എഫ്)-29208
ചവറ-ഡോ.സുജിത്ത് വിജയൻപിള്ള (എൽ.ഡി.എഫ്)-1096
കുന്നത്തൂർ-കോവൂർ കുഞ്ഞുമോൻ (എൽ.ഡി.എഫ്)-2790
കൊട്ടാരക്കര-കെ.എൻ.ബാലഗോപാൽ (എൽ.ഡി.എഫ്)-10814
പത്തനാപുരം-കെ.ബി.ഗണേശ്കുമാർ (എൽ.ഡി.എഫ്)-14336
പുനലൂർ-പി.എസ്.സുപാൽ (എൽ.ഡി.എഫ്)-37057
ചടയമംഗലം- ജെ.ചിഞ്ചുറാണി (എൽ.ഡി.എഫ്)-13678
കുണ്ടറ-പി.സി.വിഷ്ണുനാഥ് (യു.ഡി.എഫ്)-4523
കൊല്ലം-എം. മുകേഷ് (എൽ.ഡി.എഫ്)-2072
ഇരവിപുരം- എം.നൗഷാദ് (എൽ.ഡി.എഫ്)-28121
ചാത്തന്നൂർ ജി.എസ്.ജയലാൽ (എൽ.ഡി.എഫ്)-17206
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |