
കാസർകോട്: കാലങ്ങളായി മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ എൽ.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫും ജയിക്കുന്ന കാസർകോട് ജില്ലയിൽ ഇക്കുറി കരുത്തരായ പുതുമുഖങ്ങളെയടക്കം രംഗത്തിറക്കി കളംപിടിക്കാൻ മുന്നണികൾ. ബി.ജെ.പിക്ക് കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെടുന്ന മഞ്ചേശ്വരത്തും കാസർകോട്ടും ത്രികോണ പോരാട്ടം തീപാറും.
തൃക്കരിപ്പൂരും കാഞ്ഞങ്ങാടും ഉദുമയും എൽ.ഡി.എഫിന്റെ ഉരുക്കുകോട്ട. കാസർകോടും മഞ്ചേശ്വരവും മുസ്ലിംലീഗിന്റെയും. തദ്ദേശ തിരഞ്ഞെടുപ്പിൽ കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ എൽ.ഡി.എഫിനെ സംപൂജ്യരാക്കിയത് നേട്ടമായി യു.ഡി.എഫ് കരുതുന്നുണ്ടെങ്കിലും ജില്ലാപഞ്ചായത്ത് പിടിക്കാൻ കഴിയാത്തതിൽ നിരാശയുണ്ട്.
ഭാഷാ ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിലും കർണാടകയുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്തുകളിലും ക്ളീൻഔട്ടായത് സി.പി.എമ്മിനെ പ്രയാസപ്പെടുത്തുന്നുണ്ട്. തങ്ങളുടെ ഉരുക്കുകോട്ടയെന്ന് അവകാശപ്പെട്ടിരുന്ന അതിർത്തി മേഖലകളിലെ വോട്ടുചോർച്ചയും യു.ഡി.എഫിന്റെ ഇരച്ചുകയറ്റവും ബി.ജെ.പിയും ഗൗരവമായി പരിശോധിക്കുന്നു. നറുക്കെടുപ്പിലൂടെ ഉൾപ്പെടെ അഞ്ച് പഞ്ചായത്തുകളുടെ ഭരണം കിട്ടിയെങ്കിലും ജില്ല, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും നിരവധി പഞ്ചായത്തുകളിലെ വാർഡുകളും നഷ്ടപ്പെട്ടതും ബി.ജെ.പിക്ക് പ്രഹരമായി. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് എങ്ങനെ ബാധിക്കുമെന്നത് ചർച്ചയാണ്.
2016ൽ 89 വോട്ടിനും 2021ൽ 855 വോട്ടിനും കെ.സുരേന്ദ്രൻ പരാജയപ്പെട്ട മഞ്ചേശ്വരം പിടിക്കാൻ ഇക്കുറി സർപ്രൈസ് സ്ഥാനാർത്ഥിയെ ബി.ജെ.പി രംഗത്തിറക്കും. ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വിനിയുടെ പേരടക്കം പരിഗണനയിലുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥി സിറ്റിംഗ് എം.എൽ.എ എ.കെ.എം.അഷ്‌റഫായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
കാസർകോട്ടും പുതുമുഖ സ്ഥാനാർത്ഥിയെ ഇറക്കാനാണ് ബി.ജെ.പി നീക്കം. മൂന്നുതവണ പൂർത്തിയാക്കിയ എൻ.എ.നെല്ലിക്കുന്നിന് പകരം ലീഗിന്റെ കരുത്തൻ പുറത്തുനിന്ന് വരുമെന്നാണ് സൂചന. കെ.എം.ഷാജിയെ മത്സരിപ്പിക്കാൻ നീക്കമുണ്ടെങ്കിലും പാണക്കാട് തങ്ങളുമായി ഏറെ അടുപ്പമുള്ള ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജിയുടെ പേരും സജീവ ചർച്ചയിലാണ്.
ഉദുമയിൽ സി.എച്ച്.കുഞ്ഞമ്പുവായിരിക്കും ഇക്കുറിയും എൽ.ഡി.എഫിനായി കളത്തിലിറങ്ങുന്നത്. മൂന്നാമതും ഭരണം കിട്ടിയാൽ മന്ത്രിയാകാനും സാദ്ധ്യതയുണ്ട്. കാഞ്ഞങ്ങാട്ട് മൂന്നുതവണ പൂർത്തിയാക്കിയ ഇ.ചന്ദ്രശേഖരന് സി.പി.ഐ റിട്ടയർമെന്റ് നൽകിയേക്കും. പാർട്ടി ദേശീയ സമിതിയംഗം അഡ്വ.ഗോവിന്ദൻ പള്ളിക്കാപ്പിലിനെയാകും പകരം പരിഗണിക്കുക.
തുടർച്ചയായി രണ്ടുതവണ പൂർത്തിയാക്കിയ ജില്ലാസെക്രട്ടറി എം.രാജഗോപാലിന് തൃക്കരിപ്പൂരിൽ സി.പി.എം ഇളവുനൽകുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പുതുമുഖങ്ങളുടെ പേരുകളും ചർച്ചയിലുണ്ട്. യു.ഡി.എഫ് കഴിഞ്ഞ തവണ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനാണ് തൃക്കരിപ്പൂർ സീറ്റ് നൽകിയത്. ഇക്കുറി അത് ഏറ്റെടുക്കണമെന്ന അഭിപ്രായം കോൺഗ്രസിൽ ശക്തമാണ്. തൃക്കരിപ്പൂരിനായി മുസ്ലിംലീഗും സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഉദുമയിലും കാഞ്ഞങ്ങാട്ടും യു.ഡി.എഫിനായി കോൺഗ്രസിലെ കരുത്തർ രംഗത്തിറങ്ങും.
2021ലെ നിയമസഭാ തിര.ഫലം
മണ്ഡലം, എം.എൽ.എ, ഭൂരിപക്ഷം
മഞ്ചേശ്വരം: എ.കെ.എം.അഷ്‌റഫ്, യു.ഡി.എഫ്, 855
കാസർകോട്: എൻ.എ.നെല്ലിക്കുന്ന്, യു. ഡി. എഫ്, 12901
ഉദുമ: സി.എച്ച്.കുഞ്ഞമ്പു, എൽ.ഡി.എഫ്, 13322
കാഞ്ഞങ്ങാട്: ഇ.ചന്ദ്രശേഖരൻ, എൽ.ഡി.എഫ്, 27139
തൃക്കരിപ്പൂർ: എം.രാജഗോപാലൻ, എൽ.ഡി.എഫ്, 26137
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |