
തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി നിർണയത്തിൽ വീണ്ടും പാർട്ടിയോടിടഞ്ഞ് സംസ്ഥാന വൈസ് പ്രസിഡന്റ് ആർ ശ്രീലേഖ. മേയർ സ്ഥാനം നൽകാത്തത് ശ്രീലേഖയെ വട്ടിയൂർക്കാവ് മണ്ഡലത്തിലെ നിയമസഭാ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനെന്നായിരുന്നു നേതാക്കളുടെ വാഗ്ദാനം. എന്നാൽ, കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിക്കാൻ മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ താൽപ്പര്യം അറിയിച്ചുവെന്നാണ് വിവരം.
ഇക്കാര്യം അറിഞ്ഞതോടെയാണ് ശ്രീലേഖ പരസ്യപ്രതികരണവുമായി രംഗത്തെത്തിയതെന്നാണ് സൂചന. പാലക്കാടാണ് സുരേന്ദ്രനെ പാർട്ടി പരിഗണിച്ചിരുന്നത്. എന്നാൽ, വട്ടിയൂർക്കാവ് ഇല്ലെങ്കിൽ ഇത്തവണ മത്സരരംഗത്തേക്ക് ഇല്ലെന്നാണ് സുരേന്ദ്രനുമായി അടുപ്പമുള്ളവർ പറയുന്നത്. നിരവധി തവണ പാർട്ടിക്കുവേണ്ടി മത്സരിച്ച് വോട്ടുകളുടെ എണ്ണം വർദ്ധിപ്പിച്ച നേതാവാണ് സുരേന്ദ്രൻ. അതിനാൽ ഇക്കുറി വിജയസാദ്ധ്യതയുള്ള ഒരു മണ്ഡലം തന്നെ വേണമെന്നാണ് നിലപാട്.
എന്നാൽ, ആർ ശ്രീലേഖയെ വട്ടിയൂർക്കാവ് മത്സരിപ്പിക്കാനായിരുന്നു നേതൃത്വത്തിന്റെ താൽപ്പര്യം. സുരേന്ദ്രന്റെ വരവോടെ നേതൃത്വം വെട്ടിലായി. ഔദ്യോഗിക പക്ഷമാണ് ശ്രീലേഖയ്‌ക്ക് മേയർ സ്ഥാനം വാഗ്ദാനം ചെയ്‌തത്. അവസാന നിമിഷം രാജേഷിന് വേണ്ടി മുൻ സംസ്ഥാന അദ്ധ്യക്ഷന്മാർ ഇടപെടുകയായിരുന്നു.
നെടുമങ്ങാട് അല്ലെങ്കിൽ ജില്ലയുടെ മറ്റൊരു മണ്ഡലത്തിൽ ശ്രീലേഖയെ സ്ഥാനാർത്ഥിയാക്കുന്നതും പരിഗണിക്കുന്നുണ്ട്. കുമ്മനം രാജശേഖരനും വട്ടിയൂർക്കാവിൽ മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപി ഒന്നാം സ്ഥാനത്തെത്തിയ മണ്ഡലങ്ങളാണ് നേമവും വട്ടിയൂർക്കാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |