കേരളത്തിലും വേരുറപ്പിച്ച് താമര
തിരുവനന്തപുരം:ലോക് സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരും തദ്ദേശതിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനും രണ്ട് മുനിസിപ്പാലിറ്റികളും പിടിച്ച ബി.ജെ.പി.നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ കരസ്ഥമാക്കി സംസ്ഥാനത്ത് വേരുറപ്പിച്ചു.
ഇതോടെ, യു.ഡി.എഫിനും ഇടതുമുന്നണിക്കും ബദൽ ശക്തിയായി എൻ.ഡി.എ അംഗീകാരം നേടുന്ന തിരഞ്ഞെടുപ്പായി ഇതുമാറി. കഴിഞ്ഞ തവണ നേമം,വട്ടിയൂർക്കാവ്,കഴക്കൂട്ടം,ആറ്റിങ്ങൽ, ചാത്തന്നൂർ,പാലക്കാട്, മലമ്പുഴ,മഞ്ചേശ്വരം,കാസർകോട് തുടങ്ങിയ ഒൻപത് മണ്ഡലങ്ങളിലാണ് എൻ.ഡി.എ. രണ്ടാമത് എത്തിയത്. ഇത്തവണ കഴക്കൂട്ടം,ചാത്തന്നൂർ,നേമം മണ്ഡലങ്ങളിൽവിജയംകൊയ്തു. മറ്റ് ആറ് മണ്ഡലങ്ങൾക്ക് പുറമെ ഒറ്റപ്പാലം,തിരുവല്ല,തൃശ്ശൂർ മണ്ഡലങ്ങളിൽക്കൂടി രണ്ടാം സ്ഥാനത്ത് എത്തി. മുപ്പതോളം നിയമസഭാ മണ്ഡലങ്ങളിൽ 30000ൽ കൂടുതൽ വോട്ടും നേടി.വോട്ട് ശതമാനം ഉയർന്ന് 19%ത്തിലെത്തി. 2024ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ കിട്ടിയ വോട്ട് ശതമാനത്തിന് തുല്യമാണിത്. 2021ൽ 11.4%, 2025ലെ തദ്ദേശതിരഞ്ഞെടുപ്പിൽ 14.6%എന്നതായിരുന്നു വോട്ട് വിഹിതം. ഇത്തവണ ബി.ജെ.പി.ക്ക് മാത്രം 17% വോട്ട് കിട്ടി.ട്വന്റി20, ബി.ഡി.ജെ.എസ്.തുടങ്ങിയ ഘടകകക്ഷികൾക്ക് 1.9% വോട്ട് കിട്ടി.
ബംഗാളിലെ സാഹചര്യവുമായാണ് ബി.ജെ.പി. കേരളത്തിലെ വിജയത്തെ താരതമ്യം ചെയ്യുന്നത്. ബംഗാളിൽ 2016ൽ 7 സീറ്റ് നേടിയ ബി.ജെ.പി. 2021ൽ അത് 77 ആയി വളർത്തുകയും ഇത്തവണ 190സീറ്റുകളിലേറെ നേടി ഭരണം പിടിക്കുകയും ചെയ്തു.
ശബരിമല അടക്കം വർഗ്ഗീയ ധ്രുവീകരണമുണ്ടാക്കുന്ന ഒരു വിഷയത്തിലും പ്രാമുഖ്യം കൊടുക്കാതെയാണ് ബി.ജെ.പി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. തിരഞ്ഞെടുപ്പ് കാലത്ത് കേന്ദ്രസർക്കാർ വിദേശത്തുനിന്ന് പണം കൊണ്ടുവരുന്ന എഫ്.സി.ആർ.എ. നിയമത്തിൽ ഭേദഗതി കൊണ്ടുവന്നത് ന്യൂനപക്ഷ വോട്ടർമാരിൽ ആശങ്കയുണ്ടാക്കിയത് തിരിച്ചടിയായി. എന്നിട്ടും, പൂഞ്ഞാറിലും പാലായിലും തിരുവല്ലയിലും ഉൾപ്പെടെ മികച്ച വോട്ട് നേടാൻ പാർട്ടിക്കായി. ശബരിമലയിലെ സ്വർണ്ണകൊള്ള മുഖ്യപ്രചരണ വിഷമാക്കാതിരുന്നതും വികസിത കേരളം പറഞ്ഞതും ഗുണം ചെയ്തുവെന്നാണ് പാർട്ടി കരുതുന്നത്. അതേസമയം, സി.പി.എമ്മിനോട് ബി.ജെ.പി. മൃദുസമീപനം എടുത്തുവെന്ന ആക്ഷേപം ഭരണവിരുദ്ധവികാരം പൂർണ്ണമായ തോതിൽ അനുകൂലമാക്കാൻ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചു. പരിചയസമ്പന്നനായ രാഷ്ട്രീയനേതാവ് വി.മുരളീധരനെയും ടെക്നോക്രാറ്റായ രാജീവ് ചന്ദ്രശേഖറിനെയും സാമൂഹ്യപ്രവർത്തകനായ ബി.ബി.ഗോപകുമാറിനെയും നിയമസഭയിലെത്തിക്കാനായത് പാർട്ടിക്ക് വൻ നേട്ടമാകുമെന്നാണ് പ്രതീക്ഷ.
" സംസ്ഥാനത്ത് ഇനിയുള്ള തിരഞ്ഞെടുപ്പുകൾ ബി.ജെ.പിയും ബി.ജെ.പി വിരുദ്ധരും തമ്മിലായിരിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. അത് ശരിവയ്ക്കുന്നതാണ് വോട്ടെടുപ്പ് ഫലം."
-രാജീവ് ചന്ദ്രശേഖർ,
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ്