മൂവാറ്റുപുഴ: സംശയകരമായ സാഹചര്യത്തിൽ കിടന്ന കാർ പരിശോധിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ അതേവാഹനം കയറ്റി കൊലപ്പെടുത്താൻ ശ്രമം. എറണാകുളം റൂറൽ പൊലീസ് പരിധിയിൽ കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഇ.എം. മുഹമ്മദിന് (55) വലത്കാലിനും തോളിനും സാരമായി പരിക്കേറ്റു. തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.
കല്ലൂർക്കാട്-നാഗപ്പുഴ-തൊടുപുഴ റോഡിൽ വഴിയാംചിറ ഭാഗത്ത് ഇന്നലെ വൈകിട്ട് 4.15നായിരുന്നു സംഭവം. വാഹന പരിശോധന നടത്തുകയായിരുന്ന എസ്.ഐ റോഡിന് സമീപം ആളൊഴിഞ്ഞ ഭാഗത്ത് കിടന്ന സാൻട്രോ കാറിന് മുന്നിൽ പൊലീസ് ജീപ്പ് നിറുത്തിയിട്ട് യാത്രക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർ പുറത്തിറങ്ങാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് താക്കോൽ ഊരിയെടുക്കാൻ എസ്.ഐ ശ്രമിച്ചപ്പോൾ പെട്ടെന്ന് പിന്നോട്ടെടുത്ത കാർ മുഹമ്മദിന്റെ പാദത്തിലൂടെ കയറ്റിയിറക്കി രക്ഷപ്പെട്ടു. നിലത്ത് വീണ മുഹമ്മദിന് ദേഹത്തും പരിക്കേറ്റു.
ഒപ്പമുണ്ടായിരുന്ന സീനിയർ സി.പി.ഒ ജിബി അറിയിച്ചതിനെ തുടർന്ന് സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസുകാരെത്തി കല്ലൂർക്കാട് അഗ്നിശമന സേനയുടെ ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്.
രക്ഷപ്പെട്ടവർക്കായി
തെരച്ചിൽ
വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട്. മയക്കുമരുന്ന് വിതരണവുമായി ബന്ധമുള്ള രണ്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് സൂചന. മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതായും സംശയിക്കുന്നു. പ്രതികൾക്കായി തെരച്ചിൽ തുടരുന്നു. വധശ്രമത്തിനാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |