കോഴിക്കോട്: ' എന്റെ വയറ്റിൽ നിന്ന് പുറത്തെടുത്ത കത്രിക ശസ്ത്രക്രിയയ്ക്കിടെ കുടുങ്ങിയതല്ലെങ്കിൽ ഞാൻ വിഴുങ്ങിയതാണോ...?. കത്രിക മെഡിക്കൽ കോളേജിന്റേതല്ലെന്ന് പറയുന്നവർ പിന്നെ ആരുടേതാണെന്ന് പറഞ്ഞുതരണം...' അഞ്ചുമാസം നീണ്ട വിവിധ അന്വേഷണങ്ങൾക്കൊടുവിൽ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്റേതല്ലെന്ന അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് പുറത്തുവരുമ്പോൾ ഹർഷീനയുടെ കണ്ണീരിൽ കുതിർന്ന വാക്കുകൾ.
കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ നാലുദിവസമായി സമരത്തിലാണിവർ. ഇന്നലെ പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ പറയുന്നതിങ്ങനെ. ' 2017ലാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടന്നത്. എല്ലാ പരിശോധനകളും നടത്തിയ ശേഷമായിരുന്നു ശസ്ത്രക്രിയ. ഇൻസ്ട്രുമെന്റൽ രജിസ്റ്റർ ഉൾപ്പെടെ എല്ലാ രേഖകളും ഉണ്ടായിരുന്നു. പരിശോധനകളിൽ കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ല, അതുകൊണ്ട് തന്നെ കത്രിക മെഡിക്കൽ കോളേജിന്റേതല്ല' രജിസ്റ്ററിൽ എല്ലാം കറക്ടാണെന്ന കാരണം മാത്രം തെളിവായെടുത്ത് കത്രിക മെഡിക്കൽ കോളേജിന്റേതല്ലെന്ന വിചിത്രവാദമാണ് ആരോഗ്യമന്ത്രി നിയോഗിച്ച അന്വേഷണസംഘം ഉയർത്തിയിരിക്കുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും തൃശൂർ ജില്ലാ ആശുപത്രിയിലെയും സർജറി, ഗൈനക്കോളജി ഡോക്ടർമാർ ഉൾപ്പെട്ടതാണ് അന്വേഷണസംഘം.
അഞ്ചുവർഷം കത്രിക വയറ്റിൽ പേറി നടന്നു. വയറ്റിൽ പഴുപ്പ് കാരണം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ലോഹഭാഗം വയറ്റിലുണ്ടെന്ന് കണ്ടെത്തിയത്.
അവസാന പ്രസവം നടന്നത് മെഡിക്കൽ കോളേജിലാണെങ്കിലും ആദ്യ രണ്ടുപ്രസവവും താമരശേരി ഗവ.ആശുപത്രിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |