ഒളിക്യാമറ, ഫോൺ ചോർത്തൽ നിയമപരമാക്കാൻ വിജിലൻസ്, 57വർഷം പഴക്കമുള്ള മാന്വൽ ദുർബലം

Wednesday 27 May 2026 1:27 AM IST

തിരുവനന്തപുരം: അഴിമതി കണ്ടെത്താനും കൈക്കൂലിക്കാരെ കുടുക്കാനും ഡ്രോൺനിരീക്ഷണം, ഒളിക്യാമറ റെക്കാർഡിംഗ്, ഫോൺചോർത്തൽ തുടങ്ങിയ ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കാമെന്ന് വിജിലൻസിന്റെ പുതുക്കിയ മാന്വലിൽ വ്യവസ്ഥ ചെയ്യും. 1969മുതൽ പ്രാബല്യത്തിലുള്ളതാണ് നിലവിലെ മാന്വൽ. അതിൽ പരമ്പരാഗത അന്വേഷണ നടപടികൾക്കുമാത്രമേ നിയമപ്രാബല്യമുള്ളൂ. ഒളിക്യാമറ വച്ച് കൈക്കൂലിക്കാരുടെ ദൃശ്യങ്ങളെടുത്താലും മാന്വലിന് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ രക്ഷപെടുകയാണ്.

ഇന്റർനെറ്റ് -സമൂഹമാദ്ധ്യമ ട്രാക്കിംഗ്, വാട്സ്ആപ്പ് സന്ദേശങ്ങൾ ശേഖരിക്കൽ എന്നിവയ്ക്കും പരിഷ്കരിച്ച മാന്വലിൽ വ്യവസ്ഥചെയ്യും.

പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരടക്കം ഫീൽഡ് ഡ്യൂട്ടിയിലുള്ളവർ കൈക്കൂലി വാങ്ങുന്നത് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ചെറുഡ്രോണുകളുപയോഗിച്ച് തെളിവ് ശേഖരിക്കുന്നത്. കൈക്കൂലിക്കാരെ കൈയോടെ പിടികൂടുന്ന ട്രാപ്പ് ഓപ്പറേഷന്റെ ഭാഗമായാണ് ഒളിക്യാമറ ഉപയോഗിക്കുക. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ ഫോണാണ് ചോർത്തുന്നത്.

ഗൂഗിൾ-പേയടക്കം ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെയാണ് ഇപ്പോൾ കൈക്കൂലിയിടപാടുകൾ ഏറെയും. ബാങ്കിടപാടുകൾ പരിശോധിച്ച് കൈക്കൂലിക്ക് തെളിവ് കണ്ടെത്തിയാലും വിജിലൻസ് മാന്വലിൽ ഇത്തരം അന്വേഷണത്തിന് വ്യവസ്ഥയില്ലാത്തതിനാൽ കോടതികൾ അംഗീകരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് വിജിലൻസ് മേധാവി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ നാലുമാസമെടുത്ത് പുതിയ മാർഗനിർദേശങ്ങൾക്ക് രൂപം നൽകിയത് . ആഭ്യന്തര വകുപ്പ് അംഗീകരിച്ച് വിജ്ഞാപനമിറക്കുന്നതോടെ പ്രാബല്യത്തിലാവും. . കൈക്കൂലിയാവശ്യപ്പെടുന്ന വിളികളും സന്ദേശങ്ങളുമുള്ള ഫോണുകൾ പിടിച്ചെടുക്കാനും ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കാനും സാധിക്കും.

ഫോൺ ചോർത്തൽ അപേക്ഷ ചോരുന്നു

അഴിമതിക്കാരുടെ ഫോൺ വിജിലൻസ് ചോർത്തുന്നത് ക്രൈംബ്രാഞ്ചിന്റെ സഹായത്തോടെ. അപേക്ഷ നൽകുമ്പോഴേ വിവരം പുറത്തുപോകുന്നു.

വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയാൽ അഴിമതിയിടപാട് കണ്ടെത്താം.

പൊലീസും ഇന്റലിജൻസും ക്രൈംബ്രാഞ്ചും കുറ്റവാളികളെ കുടുക്കാനും കേസ് തെളിയിക്കാനും രാജ്യസുരക്ഷയ്ക്കും രഹസ്യാന്വേഷണത്തിനും ഫോൺ ചോർത്തുന്നുണ്ട്.

സി.ബി.ഐ, ഇ.ഡി, സെൻട്രൽ ബോർഡ് ഒഫ് ഡയറക്ട് ടാക്സസ്, ഡി.ആർ.ഐ എന്നിവയ്ക്ക് ഫോൺ ചോർത്താൻ അധികാരമുണ്ട്.

''വിജിലൻസ് മാന്വൽ കാലോചിതമായി പരിഷ്കരിക്കും. അന്വേഷണത്തിൽ സാങ്കേതിക വിദ്യ കൂടുതലായി പ്രയോജനപ്പെടുത്തും''

-രമേശ് ചെന്നിത്തല

ആഭ്യന്തര മന്ത്രി