വിപിൻ കുമാർ നൽകിയ പരാതിയിൽ തെളിവില്ല; ഉണ്ണി മുകുന്ദൻ മർദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലില്ലെന്ന് പൊലീസ്‌

Tuesday 27 May 2025 4:44 PM IST

കൊച്ചി: ഉണ്ണി മുകുന്ദൻ മർദിച്ചെന്ന് കാണിച്ച് വിപിൻ കുമാർ എന്നയാൾ നൽകിയ പരാതിയിൽ തെളിവില്ലെന്ന് പൊലീസ്. ഇൻഫോപാർക്ക് പൊലീസ് ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ഇതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.

ഉണ്ണി മുകുന്ദനും വിപിനും സംസാരിക്കുന്നതും ഇരുവരും തർക്കിക്കുന്നതുമൊക്കെ വീഡിയോയിലുണ്ട്. ഉണ്ണി മുകുന്ദൻ കണ്ണാടി പൊട്ടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ കൈയേറ്റം ചെയ്യുന്നത് സിസിടിവിയിലില്ല.

കഴിഞ്ഞ ദിവസമാണ് വിപിൻ കുമാർ ഉണ്ണി മുകുന്ദനെതിരെ പരാതി നൽകിയത്. ഇയാളുടെ വിശദമായ മൊഴിയെടുത്ത ശേഷമാണ് പൊലീസ് നടനെതിരെ കേസെടുത്തത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഉണ്ണി മുകുന്ദനൊപ്പം പ്രവർത്തിച്ചു വരികയാണ് പരാതിക്കാരൻ.

നരിവേട്ട സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിനാലാണ് തന്നെ മർദ്ദിച്ചതെന്നാണ് വിപിൻ കുമാർ ഇൻഫോപാർക്ക് പൊലീസിൽ നൽകിയ പരാതിയിൽ ഉണ്ടായിരുന്നത്. നടൻ വധഭീഷണി മുഴക്കിയെന്നും മാനേജരുടെ കരണത്തടിച്ചുവെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്.

'മറ്റൊരു താരം സമ്മാനമായി നൽകിയ കണ്ണട ഉണ്ണി മുകുന്ദൻ ചവിട്ടിപ്പൊട്ടിച്ചു. മാർക്കോയ്ക്ക് ശേഷം ഒരു സിനിമയും വിജയിച്ചില്ല. പുതിയ പടങ്ങൾ കിട്ടാത്തതിന്റെ നിരാശയാണ് ഉണ്ണിക്ക്. അത് പലരോടും തീർക്കുകയാണ്. ഉണ്ണിക്ക് പല ഫ്രസ്‌ട്രേഷനുകളുണ്ട്. കൂടെയുള്ളവരോടാണ് അത് തീർക്കുന്നത്. ഉണ്ണി സംവിധാനം ചെയ്യാനിരുന്ന പടത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറി.

18 വർഷമായി ഞാൻ സിനിമാപ്രവർത്തകനാണ്. അഞ്ഞൂറോളം സിനിമകൾക്ക് വേണ്ടി ജോലി ചെയ്തു. ഉണ്ണി മുകുന്ദനെതിരെ സിനിമാ സംഘടനകൾക്ക് പരാതി നൽകിയിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ ഇനിയും പറയാനുണ്ട്. അതൊക്കെ പിന്നീട് പറയും'- വിപിൻ കുമാർ വ്യക്തമാക്കി. എന്നാൽ താൻ വിപിനെ തല്ലിയിട്ടില്ലെന്നും കണ്ണട പൊട്ടിച്ചെന്ന് പറയുന്നത് ശരിയാണെന്നും ഉണ്ണി മുകുന്ദൻ പ്രതികരിച്ചിരുന്നു.