വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ നിന്ന് പിൻവലിക്കണം, പരാതിയുമായി ബിജെപി

Thursday 12 June 2025 8:23 AM IST

കോഴിക്കോട്: റാപ്പർ വേടന്റെ പാട്ട് സിലബസിൽ നിന്ന് പിൻവലിക്കണമെന്ന ആവശ്യവുമായി ബിജെപി. കാലിക്കറ്റ് സർവകലാശാല സിലബസിൽ വേടന്റെ പാട്ട് ഉൾപ്പെടുത്തിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സിൻഡിക്കേറ്റ് അംഗം ഡോ. എ കെ അനുരാജ് വൈസ് ചാൻസലർക്ക് പരാതി നൽകി. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന വേടൻ വരുംതലമുറയ്ക്ക് തെറ്റായ മാതൃകയെന്ന് സ്വയം സമ്മതിച്ചയാളാണെന്നും പരാതിയിൽ പറയുന്നു.

വേടന്റെ പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് അന്ത്യന്തം പ്രതിഷേധാത്മകമാണ്. ലഹരി വസ്തുക്കൾ കൈവശം വച്ചതിന് അറസ്റ്റിലായ ആളാണ് വേടൻ. മദ്യം നിറച്ച് ഗ്ളാസുകൾ ഉൾപ്പെടുത്തിയ ദൃശ്യങ്ങൾ വേടന്റെ പാട്ടുകളിലുണ്ട്. വേടന്റെ രചന പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് ഇയാൾ ജീവിതത്തിൽ പിന്തുടരുന്ന അനുകരണീയമല്ലാത്ത വഴികൾ പിന്തുടരാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നതാണ് എന്നിങ്ങനെയും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

കാലിക്കറ്റ് സർവകലാശാലയുടെ ബി എ മലയാളം നാലാം സെമസ്റ്റർ പാഠപുസ്‌തകത്തിലാണ് വേടന്റെ 'ഭൂമി വാഴുന്നിടം' എന്ന് പാട്ട് ഉൾപ്പെടുത്തിയിരിക്കുന്നത്. വിഖ്യാത പോപ്പ് ഗായകൻ മൈക്കിൾ ജാക്‌സന്റെ 'ദേ ഡോണ്ട് കെയർ എബൗട്ട് അസ്' എന്ന പാട്ടും വേടന്റെ പാട്ടും തമ്മിലെ താരതമ്യ പഠനമാണ് സിലബസിലുള്ളത്. അമേരിക്കൻ റാപ്പ് സംഗീതവും മലയാള റാപ്പ് സംഗീതവും തമ്മിലെ താരതമ്യമാണ് പഠനത്തിന് അടിസ്ഥാനം. രണ്ട് വീഡിയോ ലിങ്കുകളായാണ് പാട്ടുകൾ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.