'നിലമ്പൂരിൽ ബിജെപിക്ക് മത്സരിക്കാൻ സ്ഥാനാർത്ഥിയെ യുഡിഎഫ് സംഭാവന നൽകി'; പരിഹാസവുമായി എം സ്വരാജ്

Sunday 01 June 2025 10:42 AM IST

മലപ്പുറം: ബിജെപിക്ക് മത്സരിക്കാൻ യുഡിഎഫ് ഒരു സ്ഥാനാർത്ഥിയെ സംഭാവന ചെയ്തിരിക്കുകയാണെന്ന് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. യുഡിഎഫ് ഘടകകക്ഷിയുടെ സംസ്ഥാന കമ്മിറ്റി അംഗമാണെന്ന് സ്ഥാനാർത്ഥി തന്നെ പറഞ്ഞുവെന്നും എം സ്വരാജ് പറഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി അഡ്വ. മോഹൻ ജോർജ് ആണ് മത്സരിക്കുന്നത്. ബിജെപി കേന്ദ്ര നേതൃത്വമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. നിലവിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി അംഗമാണ് മോഹൻ ജോർജ്.

സംഭാവനയുടെ പിന്നിലുള്ള കാര്യങ്ങളെന്താണെന്ന് യുഡിഎഫും ബിജെപിയുമാണ് ജനങ്ങളോട് വിശദീകരിക്കേണ്ടത്. നിലമ്പൂരിലെ ജനങ്ങൾ സാമാന്യ ബുദ്ധിയുള്ളവരാണ്. അവരുടെ ജനാധിപത്യ പ്രബുദ്ധതയെ കുറച്ചുകാണിക്കരുത്. അതുകൊണ്ടുതന്നെ ജനങ്ങളുടെ മുമ്പാകെ അവർ വിശദീകരിക്കട്ടെയെന്നും എം സ്വരാജ് പറഞ്ഞു. ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാല് പതിറ്റാണ്ടായി കേരള കോൺഗ്രസ് പ്രവർത്തകനായിരുന്ന അഡ്വ. മോഹൻ ജോർജ് നിലമ്പൂർ ചുങ്കത്തറ സ്വദേശിയാണ്. ഇന്ന് ഉച്ചയ്ക്കുശേഷം ബിജെപിയിൽ അംഗത്വമെടുക്കുമെന്നാണ് മോഹൻ ജോർജ് അറിയിച്ചിരിക്കുന്നത്. നിലമ്പൂർ കോടതിയിലെ അഭിഭാഷകനാണ് അദ്ദേഹം. നിലമ്പൂരിൽ ശക്തമായ മത്സരം നടക്കുമെന്നാണ് മോഹൻ ജോർജ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. മലയോര കുടിയേറ്റ മേഖലയിലെ ജനങ്ങൾക്കുവേണ്ടിയായിരിക്കും പ്രവർത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിലമ്പൂരിലെ യുഡി‌എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് കഴിഞ്ഞദിവസം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ആ​ര് ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​വ​ന്നാ​ലും​ ​നി​ല​മ്പൂ​ർ​ ​യുഡിഎ​ഫ് ​തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നാണ് ​സ്ഥാ​നാ​ർ​ത്ഥി​ ​ആ​ര്യാ​ട​ൻ​ ​ഷൗ​ക്ക​ത്ത് വ്യക്തമാക്കിയത്.​ ​