പോക്സോ കേസ് വിചാരണ: ഫാസ്റ്റാകാതെ ഫാസ്റ്റ്ട്രാക് കോടതികൾ
കൊച്ചി: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസുകൾ (പോക്സോ കേസുകൾ) വിചാരണ ചെയ്യുന്ന അതിവേഗ കോടതികളിൽ രാജ്യത്താകെയായി കെട്ടിക്കിടക്കുന്നത് രണ്ടര ലക്ഷത്തിലധികം കേസുകൾ. കേസുകൾ തീർപ്പാക്കാൻ വിവിധ സംസ്ഥാനങ്ങളിലെ കോടതികൾക്ക് വേണ്ടി വരുന്നത് മൂന്നു മാസം മുതൽ നാലര വർഷം വരെ. ഫൊറൻസിക് ലാബുകളിൽ നിന്ന് ശാസ്ത്രീയ പരിശോധനാ ഫലം വൈകുന്നതാണ് പ്രധാന കാരണം. പൊതുബോധം ഉയർന്നതിനാൽ പരാതികളുടെ എണ്ണം കൂടിയതും കോടതി നടപടിക്രമങ്ങളിലെ സങ്കീർണതകളും മറ്റു കാരണങ്ങളാണ്.
ഇന്ത്യയിലെ 774 കോടതികൾ കുട്ടികൾക്കെതിരായ പീഡനക്കേസുകൾ വിചാരണ ചെയ്യുന്നുണ്ട്. ഇതിൽ 398 എണ്ണം പോക്സോ കേസുകൾക്ക് മാത്രമായുള്ളതാണ്.
പോക്സോ കേസുകളിൽ 60 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകണമെന്നാണ് പൊലീസിനുള്ള നിർദ്ദേശം. ഫൊറൻസിക് ലാബുകളിൽ വിവിധ കാരണങ്ങളാൽ രാസപരിശോധനാഫലം ഒരു വർഷം വരെ വൈകാറുണ്ട്. ശരീരസ്രവം, ഡി.എൻ.എ, ഫോൺ, മറ്റ് ഡിജിറ്റൽ തെളിവുകൾ എന്നിവയുടെ പരിശോധന മിക്ക കേസുകളിലും വേണ്ടിവരും. ഇത് കൂട്ടിച്ചേർക്കാത്ത കുറ്റപത്രങ്ങൾ അപൂർണമായിരിക്കും.
കേരളത്തിൽ 2 വർഷം
കേരളത്തിൽ പോക്സോ കേസുകൾ തീർപ്പാകാൻ വേണ്ടിവരുന്നത് ശരാശരി 2 വർഷവും 66 ദിവസവുമാണ്. 56 പ്രത്യേക കോടതികളിലായി കെട്ടിക്കിടക്കുന്നത് 6500ലധികം കേസുകൾ. ഇതിൽ 1300ലധികം കേസുകൾ കെട്ടിക്കിടക്കുന്ന തിരുവനന്തപുരം ജില്ലയാണ് മുന്നിൽ.
തീപ്പാക്കലിൽ
മുന്നിൽ
1. പുതുച്ചേരി - 180 ദിവസം
2. ആന്ധ്ര - 257
3. മദ്ധ്യപ്രദേശ്- 380
പിന്നിൽ
1. ഡൽഹി - 1640 ദിവസം
2. ത്രിപുര - 1484
3. മണിപ്പൂർ - 1350
(നിയമ മന്ത്രാലയം പാർലമെന്റിൽ അറിയിച്ചത്)
സാമ്പിളുകൾ ശരിയായ ലാബിലേക്ക് പോകാത്തതും കാലതാമസത്തിന് കാരണമാകുന്നുണ്ട്. ഉദാഹരണത്തിന് സൈബർ തെളിവുകൾ തിരുവനന്തപുരം ഫൊറൻസിക് ലാബിൽ പരിശോധിച്ചാലേ ആധികാരികമാകൂ. അതുപോലെ മറ്റിടങ്ങളിലേക്ക് അന്വേഷണസംഘം തെറ്റി അയയ്ക്കുന്ന സാമ്പിളുകൾ തിരിച്ചു വിളിക്കേണ്ടിവരുന്നതും ഫലം വൈകാനിടയാക്കുന്നു.
- അഡ്വ. പി.എ. ബിന്ദു, സ്പെഷ്യൽ പ്രോസിക്യൂട്ടർ
(പോക്സോ കോടതി, എറണാകുളം)