
കണ്ണൂർ: പിണറായി വെണ്ടുട്ടായി കനാൽകരയിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് സി.പി.എം പ്രവർത്തകന്റെ വലതു കൈപ്പത്തി ചിന്നിച്ചിതറി. മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ നിന്ന് അഞ്ച് കിലോമീറ്ററോളം അകലെയാണ് സംഭവം. കനാൽകരയിൽ വിപിൻ രാജിനാണ് (27) ഗുരുതര പരിക്കേറ്റത്. ഇയാളെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് വിപിൻ രാജിന്റെ വീടിനുസമീപം കനാൽകരയിലെ ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു ഉഗ്രസ്‌ഫോടനം. ഓലപ്പടക്കം കൈയിലെടുക്കുന്നതിനിടെ പൊട്ടിയെന്നാണ് വിപിൻ ആശുപത്രിയിലും പൊലീസിനോടും പറഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനുശേഷം ബാക്കിവന്ന പടക്കം കൈയിലിരുന്ന് പൊട്ടിയെന്നാണ് സി.പി.എം വിശദീകരണം.
എന്നാൽ, ഉഗ്രശേഷിയുള്ള നാടൻ ഗുണ്ടാണ് പൊട്ടിയതെന്നാണ് പൊലീസ് പറയുന്നത്. പരിക്കിന്റെ സ്വഭാവം കണ്ടാൽ ഓലപ്പടക്കമാകാൻ സാദ്ധ്യതയില്ലെന്നും വ്യക്തമാക്കി. സ്‌ഫോടകവസ്തു നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ചതാണോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. ബോംബ് സ്‌ക്വാഡ് ഉൾപ്പെടെ പരിശോധന നടത്തി.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം പാനൂർ, പാറാട് മേഖലകളിൽ സംഘർഷ സാദ്ധ്യത നിലനിൽക്കെയാണ് സംഭവം. കനാൽകരയിലെ കോൺഗ്രസ് ഓഫീസിനുനേരെ ബോംബെറിഞ്ഞത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് വിപിൻ. കാപ്പ ചുമത്തി നാടുകടത്തിയിരുന്നു.
ചിത്രം പുറത്ത്
സ്‌ഫോടനത്തിന് മുമ്പ് വിപിൻ കൈയിൽ സ്‌ഫോടക വസ്തുവുമായി നിൽക്കുന്ന ചിത്രം പുറത്തുവന്നു. പാനൂർ ഉൾപ്പെടെയുള്ള മേഖലകളിൽ രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രയോഗിക്കാൻ സി.പി.എം വ്യാപകമായി ബോംബ് നിർമ്മിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |