
മലപ്പുറം: തെന്നലയിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിൽ ഖേദപ്രകടനവുമായി സിപിഎം നേതാവ് സെയ്ദലി മജീദ്. പ്രസംഗം അതിരുകവിഞ്ഞെന്ന് മനസിലാക്കുന്നുവെന്നും അത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. സോഷ്യൽമീഡിയയിലൂടെയായിരുന്നു പ്രതികരണം. താൻ പറഞ്ഞ കാര്യങ്ങൾ ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും സെയ്ദലി മജീദ് പറഞ്ഞു. സിപിഎം നേതൃത്വം ഇടപെട്ട് അദ്ദേഹത്തോട് ഖേദം പ്രകടിപ്പിക്കാൻ ആവശ്യപ്പെട്ടെന്നാണ് വിവരം.
തദ്ദേശതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുപിന്നാലെയാണ് സെയ്‌ദലി മജീദ് വിവാദ പരാമർശം നടത്തിയത്. തന്നെ തോൽപിക്കാൻ ലീഗ് പെണ്ണുങ്ങളെ രംഗത്തിറക്കിയെന്നും കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ കാഴ്ചവയ്ക്കുകയല്ല ചെയ്യേണ്ടെന്നുമായിരുന്നു സെയ്‌ദലി മജീദിന്റെ പരാമർശം. പഞ്ചായത്തംഗമായി തിരഞ്ഞെടുത്തതിന് ശേഷമുള്ള പരിപാടിയിലെ പ്രസംഗത്തിലായിരുന്നു പരാമർശം.
'കല്യാണം കഴിക്കുമ്പോൾ തറവാടിത്തം നോക്കുന്നത് എന്തിനാണെന്നറിയാമോ? ഇതിനൊക്കെ വേണ്ടിയാണ്. നിസാര വോട്ടിന് വേണ്ടി അന്യ ആണുങ്ങളുടെ മുന്നിൽപ്പോയി, സെയ്ദലി മജീദിനെ തോൽപ്പിക്കുന്നതിന് വേണ്ടി, ഏതെങ്കിലും വാർഡ് പിടിച്ചെടുക്കുന്നതിന് വേണ്ടി, കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ മറ്റുള്ളവരുടെ മുന്നിൽ കാഴ്ചവയ്ക്കുകയല്ല വേണ്ടതെന്ന് ഈയവസരത്തിൽ ഓർമപ്പെടുത്തുകയാണ്.
ഞങ്ങളൊക്കെ മക്കളെക്കൊണ്ട് കല്യാണം കഴിപ്പിച്ചിട്ടുണ്ട്. പ്രായപൂർത്തിയായ മക്കൾ ഞങ്ങളുടെ വീട്ടിലുണ്ട്. അവരെയൊക്കെ കെട്ടിക്കൊണ്ടുവന്നത് അവരുടെ ഭർത്താക്കന്മാരുടെ കൂടെ അന്തിയുറങ്ങാനാണ്. രാഷ്ട്രീയത്തിലിറങ്ങിയാൽ ഇതിലും വലുത് കേൾക്കേണ്ടിവരും. അതിനൊക്കെ ഉളുപ്പുണ്ടെങ്കിൽ ഇറങ്ങിയാൽ മതി. ഈ പറഞ്ഞിനെതിരെ വേണമെങ്കിൽ കേസ് കൊടുത്തോളൂ, നേരിടാനറിയാം.'- സെയ്ദലി മജീദ് പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |