ഭരണമാറ്റത്തിന്റെ പ്രതിഫലനം കണ്ടു തുടങ്ങി: ഗോവിന്ദൻ
തിരുവനന്തപുരം: കവി സച്ചിദാനന്ദൻ ഉൾപ്പെടെയുള്ളവർ പറഞ്ഞ ഭരണമാറ്റത്തിന്റെ പ്രതിഫലനം കണ്ടുതുടങ്ങിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കഴിഞ്ഞ ദിവസം കല്ലേറ് കൊണ്ട എസ്.എഫ്.ഐക്കാരെയാണ് പൊലീസ് ആക്രമിച്ചത്. പരിക്കേറ്റവരെ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസിന്റെ നീക്കം. ഇത്രയും പെട്ടെന്ന് പൊലീസ് മാറിയോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. പൊലീസിന്റെ അല്ല പ്രശ്നം, നയത്തിന്റേതാണ്. കെ.ജി.ഒ.എ സമ്മേളനത്തിന്റെ ഭാഗമായി, സർവീസിൽ നിന്ന് വിരമിക്കുന്ന നേതാക്കൾക്ക് എ.കെ.ജി ഹാളിൽ നൽകിയ യാത്രഅയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൻ.ജി.ഒ അസോസിയേഷൻ നേതാക്കളുടെ കത്തിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരെ സ്ഥലംമാറ്റുന്ന വികൃതമായ നടപടിയാണ് നടക്കുന്നത്. ഇന്ത്യയിൽ ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തി മതരാഷ്ട്ര നിർമ്മാണത്തിനുള്ള ശ്രമങ്ങൾ ശക്തമാകുന്നു. ഈ സാഹചര്യത്തിൽ മതനിരപേക്ഷത സംരക്ഷിക്കാൻ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരേണ്ടതുണ്ട്. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും തമ്മിലുള്ള ഏറ്റുമുട്ടലുകൾ തൊഴിലാളി വർഗത്തിന്റെ ജീവിതത്തെ ദുരിതത്തിലാക്കുന്നു.
സമൂഹത്തിലെ ഭൂരിഭാഗം വിശ്വാസികളും വർഗീയവാദികൾ അല്ലെന്നും, വിശ്വാസത്തെ രാഷ്ട്രീയ ആയുധമാക്കുന്നവരാണ് യഥാർത്ഥ വർഗീയവാദികളെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികളെയും ഉൾപ്പെടുത്തി മാനവികതയുടെ അടിസ്ഥാനത്തിൽ വിശാല ഐക്യപ്രസ്ഥാനം രൂപപ്പെടുത്തേണ്ടത് കാലത്തിന്റെ ആവശ്യമാണ്. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ആശയം ഉയർത്തിപ്പിടിച്ച എല്ലാ മതങ്ങളുടെയും അടിസ്ഥാന മൂല്യം മാനവികതയാണ്.
യഥാർത്ഥ വിശ്വാസികളെ കൂടെ നിറുത്തിയുള്ള വർഗീയ വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തണം.
കേരളത്തിന്റെ ജനാധിപത്യ മതനിരപേക്ഷ പാരമ്പര്യം സംരക്ഷിക്കാൻ സമൂഹം ഒന്നടങ്കം പ്രതിജ്ഞാബദ്ധരാകേണ്ടതുണ്ടെന്നും, അതിനെതിരായ കടന്നാക്രമണങ്ങളെ സംഘടിത ശക്തിയിലൂടെ ചെറുത്തുതോൽപ്പിക്കേണ്ടതുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.